മടങ്ങിവന്ന പ്രവാസികൾക്കായി ‘നോർക്ക കെയർ’ മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ?

0
175

തിരുവനന്തപുരം: നാട്ടിൽ മടങ്ങിവന്ന പ്രവാസികൾക്കായി ‘നോർക്ക കെയർ’ മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് നോർക്ക റൂട്സ് ആലോചിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സർക്കാരിനു കൈമാറും. ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കാനാണു നീക്കം.

നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങി വന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുക. നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തേ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി നോർക്ക റൂട്സിനോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ വിദേശത്തുള്ള പ്രവാസികൾക്കു ലഭിക്കുന്നതു പോലെയുള്ള പദ്ധതി ആനുകൂല്യങ്ങൾ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും ഏർപ്പെടുത്തണമെന്നാണ് പ്രവാസി ലീഗൽ സെല്ലിന്റെ ആവശ്യം.

ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടയ്ക്കുന്നതിനാൽ നോർക്ക റൂട്സിനോ സർക്കാരിനോ അധിക ബാധ്യത ഉണ്ടാകില്ലെന്ന് സെൽ പ്രതിനിധികളായ ആർ. മുരളീധരൻ, എം.എ.ജഹാംഗീർ, റോഷൻ പുത്തൻപറമ്പിൽ, ഷെരീഫ് കൊട്ടാരക്കര, നന്ദഗോപകുമാർ തുടങ്ങിയവർ ചൂണ്ടിക്കാട്ടി.