കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിലവിലുള്ള ഗതാഗത നിയമലംഘന കേസിന്റെ പേരിൽ കുവൈത്തിൽ പ്രവാസിയായ ഗുജറാത്ത് സ്വദേശിയുടെ പാസ്പോർട്ട് പുതുക്കുന്നത് ഇന്ത്യൻ എംബസി തടഞ്ഞു. കഴിഞ്ഞ കാൽനൂറ്റാണ്ടായി കുവൈത്തിൽ ജോലി ചെയ്യുന്ന മുഹ്സിൻ സുർത്തിയാണ് എംബസിയുടെ നീക്കത്തെ തുടർന്നാണ് കനത്ത പ്രതിസന്ധിയിലായിരിക്കുന്നത്.
തെറ്റായ ദിശയിൽ വാഹനം ഓടിച്ചതിന്റെ പേരിൽ ഗുജറാത്തിലെ ലുനാവാഡ പൊലീസ് സ്റ്റേഷനിലാണ് മുഹ്സിനെതിരെ കേസ് നിലവിലുള്ളത്. ഒരു ക്രിമിനൽ കേസ് നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ കുവൈത്തിലെ ഇന്ത്യൻ എംബസി നിരസിക്കുകയായിരുന്നു.
2016ൽ അനുവദിച്ച മുഹ്‌സിൻ സുർത്തിയുടെ പാസ്പോർട്ട് 2026 ജനുവരി 30ന് കാലഹരണപ്പെടും. 2025 ഓഗസ്റ്റ് ഏഴിനാണ് മുഹ്‌സിൻ പാസ്പോർട്ട് പുതുക്കലിനായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ അപേക്ഷിച്ചത്. എന്നാൽ ഓഗസ്റ്റ് 25ന്, ഇന്ത്യയിൽ നിലവിലുള്ള കേസ് ചൂണ്ടിക്കാട്ടി എംബസി അപേക്ഷ നിരസിക്കുകയായിരുന്നു.
താൽക്കാലിക പാസ്പോർട്ട് ലഭിക്കാൻ പോലും കേസിന്റെ ക്ലോഷർ റിപ്പോർട്ടോ കോടതി ഉത്തരവോ ഹാജരാക്കണമെന്ന് എംബസി മുഹ്സിൻ സുർത്തിയെ അറിയിച്ചു. പാസ്പോർട്ട് പുതുക്കിയില്ലെങ്കിൽ കുവൈത്തിൽ നാടുകടത്തൽ അടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് മുഹ്സിൻ.
കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചപ്പോഴാണ് തെറ്റായ ദിശയിൽ വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മുഹ്സിൻ സുർത്തിക്കെതിരെ കേസ് ഫയൽ ചെയ്തത്. അഭിഭാഷകൻ വഴി വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് എംബസി പാസ്പോർട്ട് പുതുക്കാൻ വിസമ്മതിച്ചതെന്നും മുഹ്‌സിൻ സുർത്തി പറഞ്ഞു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാസ്പോർട്ട് പുതുക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഹ്‌സിൻ ഭാര്യ വഴി ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്.
