കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന. എംഡിഎംഎയുമായി ബന്ധപ്പെട്ട് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ യുഡിഎഫ് കൗൺസിലറും കോൺഗ്രസ് നേതാവുമായ വി കെ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാല പൊട്ടിക്കൽ, എംഡിഎംഎ, കഞ്ചാവ് കടത്ത് വിൽപന അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അഭിജിത്ത്. കൊല്ലപ്പെട്ട ആദർശും രണ്ട് ലഹരിക്കേസുകളിൽ പ്രതിയാണ്. ഇവർ തമ്മിൽ കാലങ്ങളായി ലഹരി ഇടപാടുണ്ടായിരുന്നു. അഭിജിത്തിന് എംഡിഎംഎ ആദർശ് കടമായിട്ട് നൽകിയിരുന്നു. എന്നാൽ അഭിജിത്ത് പണം തിരിച്ചുനൽകിയില്ല. ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മാണിക്കുന്നത്ത് അനിൽകുമാറിന്റെ വീടിന് മുമ്പിൽവെച്ച് തിങ്കൾ പുലർച്ചെ നാലോടെയാണ് ആദർശിന് കുത്തേറ്റത്. വീട്ടിലെ ഗേറ്റിനോട് ചേർത്ത് ആദർശിനെ അഭിജിത് കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദർശുമായി വാക്കേറ്റമുണ്ടാകുകയും ഇത് സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ അഭിജിത് കത്തികൊണ്ട് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സമീപത്തുള്ള കുളത്തിലേക്ക് അനിൽകുമാറും അഭിജിതും ചേർന്ന് ആദർശിനെ വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. ഇത് നാട്ടുകാർ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന്, പട്രോളിങിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി അനിൽകുമാറിനെയും അഭിജിതിനെയും പിടികൂടി.
കുത്തേറ്റ ആദർശിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
