വർഗീയ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ഹരീന്ദ്രൻ

0
140

കണ്ണൂർ: പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർഗീയ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ഹരീന്ദ്രൻ. മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ- ജമാഅത്ത് കൂട്ടുകെട്ടിനേയും രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ചെന്ന് ഹരീന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.

മുസ്‌ലിം ലീഗിനെയും വർഗീയ സംഘടനകളെയും ശക്തമായി എതിർത്താൽ അത് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്ന ഏർപ്പാട് മതിയാക്കണം. പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പ്രകടമാകുന്നത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും ഈ കേസ് ഇന്നെവിടെയും എത്തുമായിരുന്നില്ലെന്നും പി. ഹരീന്ദ്രൻ അവകാശപ്പെടുന്നു.

വിഷയത്തെ സിപിഎമ്മിനെതിരെ തിരിച്ചുവിടാൻ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രചാരണം നടത്തിയപ്പോൾ വിമർശിച്ചു. ഈ മേഖലയിൽ ആദ്യമായുണ്ടാകുന്ന പീഡനമല്ല പാലത്തായിയിലേത്. ഇതിനു മുമ്പും ഒരേ സമുദായത്തിൽപ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. അതിലൊന്നും മുസ്‌ലിം ലീഗോ എസ്ഡിപിഐയോ ജമാഅത്തെ ഇസ്‌ലാമിയോ പ്രതിഷേധിക്കാനോ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ അന്വേഷണം നടപടികൾ മുന്നോട്ടുകൊണ്ടുപോകണം എന്നാവശ്യപ്പെടാനോ തയാറായില്ല.

മറിച്ച് അത്തരം സംഭവങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചവരാണ് ഈ മേഖലയിലെ മുസ്‌ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും ജമാഅത്തിന്റേയും നേതൃത്വത്തിലുള്ളവരെന്നും പി. ഹരീന്ദ്രൻ പറയുന്നു. പാലത്തായി കേസ് സവിശേഷ രീതിയിൽ ഇവർ കൈകാര്യം ചെയ്തത് അവരുടെ വർഗീയ താത്പര്യത്തോടെയാണെന്ന പരാമർശമാണ് താൻ നടത്തിയത്. അത് മതപരമായ വിദ്വേഷം വളർത്തുന്ന പരാമർശമാണെന്നത് ദുർവ്യാഖ്യാനമാണെന്നും പി. ഹരീന്ദ്രൻ വീഡിയോയിൽ അവകാശപ്പെടുന്നു.