മദീന ബസ് ദുരന്തം: മരണപ്പെട്ട മുഴുവൻ പേർക്കും മദീനയിലെ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം

0
152

മദീന: മദീനയിൽ ബസ് അപകടത്തിൽ മരണപ്പെട്ട ഉംറ തീർഥാടകരുടെ ജനാസ മദീനയിൽ ഖബറടക്കി. മദീനയിലെ മസ്ജിദുന്നബവിക്ക് സമീപമുള്ള ജന്നത്തുൽ ബഖീഇലാണ് മരണപ്പെട്ട തെലുങ്കാന സ്വദേശികളായ മുഴുവൻ തീർഥാടകരുടെയും ബസ് ഡ്രൈവറായിരുന്ന സുഡാൻ സ്വദേശിയുടെയും മയ്യത്തുകൾ ഖബറടക്കിയത്. മസ്ജിദുന്നബവിയിൽ ദുഹർ നിസ്‌കാരത്തിന് ശേഷം നടന്ന മയ്യത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. മദീന ഇമാം ശൈഖ് അബ്ദുൽ ബാരി അൽ ദുബൈത്തി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി.

മയ്യത്തുകൾ കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നതിനാൽ ഡി എൻ എ ചെയ്തതിനു ശേഷമാണ് ഖബറടക്കം ചെയ്യാനുള്ള നടപടികൾക്ക് അനുമതി നൽകിയത്. സഊദി ഹജ്ജ് ഉംറ മന്ത്രാലയം, മദീനാ ഗവർണറേറ്റ്, ഇന്ത്യൻ എംബസി, വാഹന ഗതാഗത ഡിപ്പാർട്ട്മെൻറ്റ് എന്നിവരുടെ ശ്രമഫലയാണ് ഡി എൻ എ നടപടികൾ പൂർത്തീകരിച്ച് ശനിയാഴ്ച രാവിലെ റിപ്പോർട്ടുകൾ ലഭ്യമായത്. മരണാനുബന്ധ പ്രവർത്തനകൾ ഏകോപിപ്പിക്കുവാൻ തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി അസ്ഹറുദ്ധീൻറെ നേതൃത്വത്തിൽ ഔദ്യോഗിക സംഘം മദീനയിൽ എത്തിയിരുന്നു. ഇവരുടെനേതൃത്വത്തിലാണ് മയ്യത്തുകൾ ഏറ്റു വാങ്ങി ഖബ്റടക്കിയത്.

നവംബർ 16 ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഉംറ നിർവഹിച്ച് മദീനയിലേക്ക് സന്ദർശനത്തിന് വരുന്ന ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് സഊദി സമയം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

ബസ്സിൽ മുഴുവനും തെലുങ്കാന സ്വദേശികളായിരുന്നു ഉണ്ടായിരുന്നത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തൽക്ഷണം തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസിലെ ഒരാൾ ഒഴികെ മുഴുവൻ ആളുകളും മരണപ്പെട്ടിരുന്നു. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണ് ഉൾപ്പെടുന്നത്.

അപകടത്തിൽ മരണപെട്ടവർക്കാവശ്യമായ സഹായ സഹകരണങ്ങളുമായി വിഖായ, കെഎംസിസി, ഐസിഎഫ്, കെസിഎഫ് തുടങ്ങി സാമൂഹ്യ സംഘടനകളും രംഗത്തുണ്ടായിരുന്നു. കെഎംസിസി വെൽഫയർ കോഡിനേറ്റർ ശഫീഖ് മൂവാറ്റുപുഴ, വിഖായ പ്രവർത്തകരായ അശ്രഫ് തില്ലങ്കേരി, റാശിദ് ദാരിമി, സഈദ് അരീത്തോട്, സവാദ് യമാനി, റഫ്നാസ് എന്നിവരും മറ്റു സമൂഹിക സംഘടനകളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.