റിയാദ്: സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിനശിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച 45 പേരുടെ കുടുംബത്തിന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഓഫിസ് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരെല്ലാം ഇന്ത്യൻ തീർഥാടകരാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും തെലങ്കാന സംസ്ഥാനത്തുനിന്നുള്ളവരാണ്.
കഴിഞ്ഞ ദിവസം സൗദി സമയം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. തീവ്ര ദുരന്തത്തിന്റെറെ പശ്ചാത്തലത്തിൽ ഇന്ത്യൻ അധികൃതർ അടിയന്തരമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ 24 വയസ്സുള്ള മുഹമ്മദ് അബ്ദുൽ ഷൊഐബ് മാത്രമാണ് രക്ഷപ്പെട്ട ഏക യാത്രക്കാരൻ. ഇദ്ദേഹം സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്.
∙ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഇടപെടൽ
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്നും അധികൃതർ സൗദി അധികാരികളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പ്രധാനമന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഞെട്ടൽ രേഖപ്പെടുത്തുകയും റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ മിഷനുകൾ എല്ലാവിധ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചു.
ദുരന്തം സംബന്ധിച്ച് ഉടനടി അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ന്യൂനപക്ഷ ക്ഷേമത്തിന്റെയും ചുമതലയുള്ള മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ ഒരു സർക്കാർ പ്രതിനിധി സംഘത്തെ ഉടൻ സൗദിയിലേക്ക് അയയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം മതപരമായ പാരമ്പര്യങ്ങൾ അനുസരിച്ച് മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ സൗദിയിൽ നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചു. ഇതിനായി ഓരോ കുടുംബത്തിലെയും രണ്ട് പേരെ വീതം സൗദിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
