മദീന ഉംറ ബസ് ദുരന്തം; രക്ഷപ്പെട്ടത് ഒരാൾ മാത്രം, കത്തിയമർന്നത് 42 പേർ | VIDEO

0
311
  • മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും

മക്ക: മദീനയിൽ ഉംറ ബസ് കത്തിയുണ്ടായ അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. അപകടത്തിൽ 42 തീർത്താകരാണ് കത്തിയമർന്നത്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. ഇന്ത്യയിലെ ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ഇന്നലെ രാത്രി അപകടം സംഭവിച്ചത്.

ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. ബസും ട്രക്കും മുഖാമുഖം കൂട്ടിയിടിച്ചതാണോ അതല്ല പിന്നിൽ ഇടിച്ചതാണോ എന്ന് വ്യക്തമല്ല. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീ പടർന്നു പിടിച്ചു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന 42 പേരും തൽക്ഷണം മരിച്ചു. 25 കാരനായ അബ്ദുല്‍ ശുഐബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.

സഊദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

സിവിൽ ഡിഫൻസ് എത്തി തീയണച്ചെങ്കിലും ആരെയും തിരിച്ചറിയാവുന്ന വിധത്തിലല്ല അപകടം.  തീർഥാടകരുടെ വിസയും യാത്രയും ക്രമീകരിച്ച ഏജൻസികൾ മന്ത്രാലവുമായി ഏകോപനം നടത്തി നടപടികൾ പൂർത്തിയാക്കും.

ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു. സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ മന്ത്രി റിയാദ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

ദുരന്തത്തിന്റെ പശ്ചാതലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും കൺട്രോൾ പ്രവർത്തിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ndtv പ്രസിദ്ധീകരിച്ച വീഡിയോ ന്യൂസ്‌ കാണാം 👇

ഫോട്ടോ വീഡിയോ കടപ്പാട്: NDTV