നോയിഡ: യുപിയിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ (52) അടിച്ചുകൊല്ലുകയും മകൻ ഡാനിഷിനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കാൻ സംസ്ഥാന സർക്കാർ സുരജ്പുർ കോടതിയിൽ അപേക്ഷ നൽകി. ഡിസംബർ 12ന് അപേക്ഷ പരിഗണിക്കുമെന്നു സർക്കാർ അഭിഭാഷകൻ ഭഗ് സിങ് ഭാട്ടി സ്ഥിരീകരിച്ചു.
2015 സെപ്റ്റംബർ 28ന്, പശുക്കിടാവിനെ കൊന്നതായി ക്ഷേത്രത്തിലെ മൈക്കിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്നാണ് 18 പ്രതികൾ അഖ്‌ലാഖിനെ വീട്ടിൽനിന്നു വലിച്ചിറക്കി മർദിച്ചു കൊന്നെന്നാണു കേസ്. ആട്ടിറച്ചിയാണെന്നു കുടുംബം പറഞ്ഞിട്ടും മർദനം തുടർന്നു.
ഫ്രിജിൽനിന്നു ലഭിച്ച ഇറച്ചി യുപി മൃഗസംരക്ഷണവകുപ്പ് പരിശോധിച്ച് ആട്ടിറച്ചിയാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നു കുറ്റപത്രത്തിൽനിന്ന് പശുവിറച്ചി എന്ന പരാമർശം ഒഴിവാക്കിയിരുന്നു. രാജ്യമാകെ വൻ പ്രതിഷേധത്തിനു വഴിവച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയാണ് ഒന്നാംപ്രതി. 18 പ്രതികളിൽ 2 പേർ രോഗം മൂലം മരിച്ചു.
