‘ദുഃഖത്തിന്റെ ആഴത്തിലും മനുഷ്യത്വത്തിന്റെ മാതൃക’; ചേർത്ത് പിടിച്ച് ആദരിച്ച് യുഎഇ

0
142

അബുദാബി: ദുഃഖത്തിന്റെ ആഴത്തിലും മനുഷ്യത്വത്തിന്റെ മഹത്തായ മാതൃക തീർത്ത എമിറാത്തി കുടുംബത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. അഞ്ച് വയസ്സുകാരി മകൾ സാഹിയയെ നഷ്ടമായപ്പോൾ ആ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനം മൂന്ന് ജീവിതങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം പകർന്നു.

ഓമനമകൾ സാഹിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സാഹിയയുടെ ഹൃദയം ഒരു കുട്ടിക്കും ഒരു വൃക്ക മറ്റൊരു കുട്ടിക്കും രണ്ടാമത്തെ വൃക്ക ഒരു മുതിർന്ന വ്യക്തിക്കുമാണ് പുതുജീവൻ നൽകിയത്. മകളുടെ വേർപാടിലും മറ്റൊരു കുടുംബത്തിന്റെ സങ്കടം ഇല്ലാതാക്കാൻ വേണ്ടി ഈ നിസ്വാർഥ പ്രവൃത്തി ചെയ്ത മാതാപിതാക്കളെ ഖസ്ർ അൽ ഹൊസ്നിൽ നടന്ന ചടങ്ങിലാണ് യുഎഇ പ്രസിഡന്റ് ആദരിച്ചത്.

കുഞ്ഞുമോളെ അത്രയധികം സ്നേഹിക്കുകയും വാത്സല്യം നൽകുകയും ചെയ്തതുകൊണ്ടാണ് അവളുടെ ഓർമകൾ മറ്റുള്ളവരെ സഹായിക്കാനായി നിലനിൽക്കണമെന്ന് ആഗ്രഹിച്ചതെന്ന് സാലെം പറഞ്ഞു. അവയവദാനം എന്നത് രോഗിക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച യുഎഇ നാഷനൽ ട്രാൻസ്പ്ലാന്റ് കമ്മിറ്റി ചെയർമാൻ ഡോ. അലി അൽ ഉബൈദ്ലി അഭിപ്രായപ്പെട്ടു.

അൽ മൻസൂരി കുടുംബത്തിന്റെ ഈ തീരുമാനം സാഹിയയുടെ പേരിൽ ഒരു പൈതൃകം സൃഷ്ടിക്കുകയും യുഎഇയുടെ ‘ഹയാത്ത്’ എന്ന അവയവദാന പദ്ധതിക്ക് വലിയ പ്രചാരം നൽകുകയും ചെയ്തു. ഷെയ്ഖ് സായിദിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പാതയിൽ സഞ്ചരിക്കുന്നവരെ ആദരിക്കുന്ന അബുദാബി അവാർഡ്‌സ് വേദിയിലാണ് ഈ വർഷം ആദരിച്ച പത്ത് വ്യക്തികളോടൊപ്പം സാലെം, ഫാത്തിമ അൽ മൻസൂരി ദമ്പതികളെയും യുഎഇ ആദരിച്ചത്.

….