ഇരുകൈകളുമില്ലെങ്കിലും ലക്ഷ്യം പിഴക്കാതെ ശീതൾ

0
146

ന്യൂഡല്‍ഹി: ഇരുകൈകളുമില്ലെങ്കിലും അമ്പെയ്ത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് കശ്മീർ സ്വദേശി ശീതൾ ദേവി. പാരാലിമ്പിക്സിലെ മെഡൽ ജേതാവ് കൂടിയായ ശീതൾ ഇപ്പോഴിതാ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

അമ്പെയ്ത്തില്‍ ഏഷ്യാകപ്പ് സ്റ്റേജ് 3 ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയാണ് ശീതള്‍ പുതുചരിത്രമെഴുതിയത്. ഇതാദ്യമായാണ് ഒരു പാരാ-അത്‌ലറ്റ്, ജനറല്‍ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്.

സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ശീതള്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമിലേക്ക് ഇടംനേടിയത്. ട്രയല്‍സില്‍ മൂന്നാമതായാണ് താരം ഫിനിഷ് ചെയ്തത്. അതോടെ ജനറല്‍ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കുള്ള(ഏബിൾ ബോഡീഡ്) അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പാരാ അത്‌ലറ്റായി ശീതള്‍ മാറി. തന്റെ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തെന്നാണ് നേട്ടത്തെക്കുറിച്ച് ശീതൾ പ്രതികരിച്ചത്.

ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലുള്ള ലോയ്ധറിലാണ് ശീതള്‍ ജനിച്ചതും വളര്‍ന്നതും. കര്‍ഷകനായ മാന്‍ സിങ്ങിന്റെയും ശക്തീദേവിയുടെയും രണ്ടുമക്കളിലൊരാള്‍. ഫോക്കോമീലിയ എന്ന അസുഖവുമായിട്ടായിരുന്നു ശീതളിന്റെ ജനനം. കൈകള്‍ക്ക് വളര്‍ച്ചയില്ലാതെ വരുന്ന അവസ്ഥയാണ് ഫോക്കോമീലിയ. ഇരുകൈകളുമില്ലെങ്കിലും കാല്‍വിരല്‍ കൊണ്ട് ഞാണ്‍ വലിച്ചാണ് ശീതള്‍ അമ്പെയ്യുന്നത്.

2024 പാരീസ് പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ താരമാണ് ശീതള്‍. അമ്പെയ്ത്തില്‍ മിക്‌സഡ് ടീം കോംപൗണ്ട് ഇനത്തില്‍ ശീതള്‍ വെങ്കലമെഡലാണ് സ്വന്തമാക്കിയത്. 2023 മേയില്‍ നടന്ന പാരാ ടൂര്‍ണമെന്റില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. ആ വർഷം ഒക്ടോബറില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസിൽ അമ്പെയ്ത്തില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകളും നേടി. അതോടെ ഒരു പാരാ ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ശീതൾ മാറിയിരുന്നു.