ഇപി ജയരാജനെതിരെ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു; ‘ആത്മകഥയിലൂടെ പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ പരസ്യമാക്കി’

0
23

കണ്ണൂര്‍: ഇപി ജയരാജന്‍റെ ഇതാണെന്‍റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയിൽ അതൃപ്തിയുള്ളത്.

സംഘടനയ്ക്കുള്ളിൽ പി ജയരാജൻ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം തുറന്നെഴുതിയതിലടക്കമാണ് അതൃപ്തിയുള്ളത്. ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കാത്തതും ചര്‍ച്ചയാകുകയാണ്. പി ജയരാജനും പങ്കെടുത്തിരുന്നില്ല. സാധാരണയായി സിപിഎമ്മിലെ സംഘടനാപരമായ ചര്‍ച്ചകള്‍ ഉണ്ടായാൽ അക്കാര്യം നേതാക്കളൊന്നും പുറത്ത് പറയാറില്ല. അതൊക്കെ മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ മാത്രമാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്യാറുള്ളത്.

എന്നാൽ, പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ബന്ധപ്പെട്ട ആളുകള്‍ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങള്‍ നിലക്കുമായിരുന്നു ഇപി ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയത്. പുസത്ക പ്രകാശന ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി, പിഎസ് ശ്രീധരൻപിള്ള, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ ഇതര പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തിരുന്നു. എന്നാൽ, പി ജയരാജനും എംവി ഗോവിന്ദനുമടക്കം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.

മൂന്നു മാസം മുമ്പ് പി ജയരാജന്‍റെ പുസ്തക പ്രകാശനത്തിൽ ഇപി ജയരാജൻ പങ്കെടുത്തിരുന്നു. എന്നാൽ, പി ജയരാജനനെ ഇപിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലടക്കമുള്ള അതൃപ്തിയും ഇപി ആത്മകഥയിൽ തുറന്നുപറയുന്നുണ്ട്.