തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്നു ടിടിഇയുടെ കയ്യിൽ പിടിച്ചുവലിച്ചു പുറത്തേക്കു ചാടാൻ മദ്യലഹരിയിൽ യുവാവിന്റെ ശ്രമം. എറണാകുളത്തെ സ്ക്വാഡ് ഇൻസ്പെക്ടറായ എ.സനൂപ് ആണ് ആക്രമിക്കപ്പെട്ടത്. പ്രതി പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി നിതിനെ (37) ആർപിഎഫ് പിടികൂടി. സനൂപിന്റെ വലതുകയ്യിൽ പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നു ഷാലിമാറിലേക്കു പോകുന്ന ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം.
ട്രെയിൻ ഇരിങ്ങാലക്കുട സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് റിസർവ്ഡ് കോച്ചുകളിലൊന്നിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്ന നിലയിൽ നിതിനെ സനൂപ് കണ്ടത്. കയ്യിൽ ജനറൽ ടിക്കറ്റ് ആണെന്നു മനസ്സിലാക്കിയതോടെ ജനറൽ കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾത്തന്നെ ഇറങ്ങിക്കളയാമെന്നു പറഞ്ഞു നിതിൻ സനൂപിന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു പുറത്തേക്കു ചാടാൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ കൊളുത്തിൽ പിടിത്തം കിട്ടിയതുകൊണ്ടു സനൂപ് പുറത്തേക്കു വീണില്ല. പാൻട്രി ജീവനക്കാരടക്കം ഓടിയെത്തിയാണ് ഇരുവരെയും പിടിച്ച് ഉള്ളിലേക്കു കയറ്റിയത്.
