മുംബൈ: ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ (ബാർക്ക്) ശാസ്ത്രജ്ഞനായി അഭിനയിച്ചയാൾക്ക് ലഭിച്ചത് കോടികളുടെ വിദേശ ഫണ്ട്. അറസ്റ്റിലായ 60 വയസ്സുകാരൻ അക്തർ ഹുസൈനി സെൻസിറ്റീവ് ന്യൂക്ലിയർ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനായാണ് പണം ലഭിച്ചത്. ബിഎആർസി ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട് രാജ്യമെമ്പാടും സഞ്ചരിച്ച അക്തർ ഹുസൈനിയെ കഴിഞ്ഞ മാസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ ഹുസൈനിയിൽ നിന്ന് പത്തിലധികം ഭൂപടങ്ങളും ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുത്തു. വ്യാജ പാസ്‌പോർട്ടുകൾ, ആധാർ, പാൻ കാർഡുകൾ, ഒരു വ്യാജ BARC ഐഡി എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഒരു തിരിച്ചറിയൽ കാർഡിൽ അലി റാസ ഹുസൈൻ എന്നും മറ്റൊന്നിൽ അലക്സാണ്ടർ പാമർ എന്നും രേഖപ്പെടുത്തിയിരുന്നു.
ഇയാളുടെ സഹോദരൻ ആദിലും ഡൽഹിയിൽ അറസ്റ്റിലായിട്ടുണ്ട്. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 1995 മുതൽ ഹുസൈനി സഹോദരന്മാർക്ക് വിദേശ ധനസഹായം ലഭിച്ചുതുടങ്ങി. ആദ്യം ലക്ഷങ്ങവും 2000 ന് ശേഷം കോടികളുമാണ് എത്തിയിരുന്നത്. BARC-യുമായും മറ്റ് ആണവ നിലയങ്ങളുമായും ബന്ധപ്പെട്ട രഹസ്യ ബ്ലൂപ്രിന്റുകൾക്ക് പകരമായി ഈ പണം നൽകിയതായി അന്വേഷണ സംഘം സംശയിക്കുന്നു. ഹുസൈനിയുടെ പേരിലുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ഇടപാടുകളും കണ്ടെത്തിയിരുന്നു.
കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
കൃത്യമായ തുകയും ഫണ്ടിന്റെ ഉറവിടവും കണ്ടെത്തുന്നതിനായി ബാങ്കുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. അക്തറും സഹോദരനും പാകിസ്താൻ സന്ദർശിച്ചതായും, ഐഎസ്ഐ ബന്ധവും സംശയിക്കുന്നുണ്ട്. 2004 രഹസ്യ രേഖകൾ കൈവശം വച്ച് ശാസ്ത്രജ്ഞൻ എന്നവകാശപ്പെട്ടതിന് അക്തറിനെ ദുബായിൽ നിന്ന് നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്.
