കെ.എസ്. ശബരീനാഥൻ മേയർ സ്ഥാനാർഥി; തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

0
17

തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. 48 വാർഡുകളിലെ സ്ഥാനാർഥികളെ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനാണ് നീക്കം. മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ മേയർ സ്ഥാനാർഥിയാകും.

കെ. മുരളീധരൻ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം ബാക്കി കോൺഗ്രസ് സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

നഗരസഭ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺ​ഗ്രസ് ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. കവടിയാറിൽ നിന്നുമാണ് കെ.എസ്. ശബരിനാഥൻ മത്സരിക്കുക. 27 വാർഡുകളിൽ വനിതകളാണ് മത്സരിക്കുക. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട നീതു വിജയൻ വഴുതക്കാട് വാർഡിൽ നിന്നുമാണ് മത്സരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത എസ്.ബി. രാജി കാച്ചാണിയിൽ നിന്നുള്ള സ്ഥാനാർഥിയാകും. ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ബാക്കി പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

ഒരു ഘട്ടത്തിൽ പ്രതിപക്ഷ സ്ഥാനത്തായിരുന്ന കോൺഗ്രസിന് ഇന്ന് വെറും 10 സീറ്റുകൾ മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്. ബിജെപിക്കാകട്ടെ 35ലേറെ സീറ്റുകളുണ്ട്. ഇതേ രീതിയിൽ പോയാൽ ബിജെപി ഭരണം പിടിച്ചേക്കുമെന്ന ഭയം കോൺഗ്രസിനുണ്ട്. അതിനാലാണ് പ്രമുഖരെ തന്നെ കോർപ്പറേഷനിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.