കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും കൊടിയ അനാസ്ഥ. ജയിലിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് തടവുകാരൻ്റെ ഭീഷണിയും അസഭ്യവർഷവും. കാപ്പ തടവുകാരൻ ഗോപകുമാർ ആണ് ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അധികൃതരുടെ പരിശോധനയിൽ സെല്ലിനകത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
ഗോപകുമാറിൻ്റെ ഭാര്യ തന്നെ നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു അധികൃതർ സെല്ലിൽ പരിശോധന നടത്തിയത്. ഭീഷണിക്ക് പിന്നാലെ സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് ഭാര്യ പരാതി നൽകിയത്. പരിശോധനയിൽ സെല്ലിനകത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
സംഭവത്തിന് പിന്നാലെ ഗോപകുമാറിനെ ഒന്നാം ബ്ലോക്കിൽ നിന്ന് പത്താം ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. മൊബൈൽ ഫോണിലെ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വിളികൾ പതിവെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതാദ്യമായല്ല കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടുന്നത്. സെൻട്രൽ ജയിലിലേക്ക് മൊബൈലും ലഹരിയും എത്തിക്കുന്നവരെ നിയന്ത്രിക്കുന്നത് മുൻ തടവുകാരായ ഗുണ്ടകൾ ഉൾപ്പെടെയുള്ളവരുടെ സംഘമാണെന്നും വിവരം ലഭിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ജയിലിന് പുറത്ത് വലിയ ശൃംഖല ആണുള്ളത്.
ജയിലിൽ എത്തുന്ന സന്ദർശകരെ ആണ് മൊബൈലും ലഹരി വസ്തുക്കളും എറിയേണ്ട സമയവും സ്ഥലവും നിശ്ചയിച്ച് അറിയിക്കുക. ഫോണിലൂടെയും ജയിലിൽ നിന്ന് പുറത്തേക്ക് ആശയവിനിമയം നടക്കും. ലഹരി മരുന്നുകളും, മദ്യവും ജയിലിനകത്ത് തടവുകാർക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. ഫോൺ എറിഞ്ഞുനൽകുന്നതിനിടെ പിടിയിലായ അക്ഷയ്‌യിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത് .
…
