ഒരു കോടി ജോലി, സ്ത്രീ ശാക്തീകരണത്തിനായി ‘ലാക്പതി ദീദിസ്’ പദ്ധതി; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ‘സങ്കൽപ് പത്രിക’

0
15

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് അടുക്കെ വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. യുവാക്കളുടെ ഉന്നമനവും ‘ലാക്പതി ദീദിസ്’ എന്ന പദ്ധതിയിലൂടെ സ്ത്രീ ശാക്തീകരണവുമാണ് എന്‍ഡിഎ പ്രകടന പത്രികയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍ഡ്യ സഖ്യത്തിന്‍റെ പ്രകടന പത്രികയിലും യുവാക്കളെയും സ്ത്രീകളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ഏഴ് എക്‌സ്പ്രസ് ഹൈവേകള്‍ എന്നിവയും എന്‍ഡിഎയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. പട്‌നയില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് എന്‍ഡിഎയുടെ ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിഹാറിലെ എല്ലാ യുവാക്കള്‍ക്കും നൈപുണ്യ വികസനം അടിസ്ഥാനമാക്കി ജോലി നല്‍കുന്നതിനായുള്ള സെന്‍സസ് നടത്തും. എല്ലാ ജില്ലകളിലെയും നൈപുണ്യ വികസന സെന്ററുകള്‍ സ്ഥാപിക്കുമെന്നാണ് എന്‍ഡിഎ പ്രകടന പത്രികയില്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ സ്ത്രീകളുടെ തൊഴില്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം സ്ത്രീകള്‍ക്ക് അനുവദിക്കും.’ലാക്പതി ദീദിസ്’ പദ്ധതിയിലൂടെ ഒരു കോടി സ്ത്രീകള്‍ക്കെങ്കിലും വാര്‍ഷിക വരുമാനമായി ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന നിലയിലേക്ക് സ്ത്രീകളെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംരംഭകരെ മിഷന്‍ ക്രോര്‍പതി എന്ന പദ്ധതിയിലൂടെ കോടിപതികളാക്കാന്‍ ആഗ്രിഹിക്കുന്നതായും സഖ്യം വ്യക്തമാക്കി.

ഏഴ് എക്‌സ്പ്രസ്‌വേകള്‍, 3600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കും, ദര്‍ഭംഗ, പൂര്‍ണിയ, ഭഗല്‍പൂര്‍ എന്നീ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും എന്നിവയൊക്കെയാണ് വാഗ്ദാനങ്ങള്‍.