വയനാട്: സിപ്പ് ലൈന്‍ അപകടം എന്ന രീതിയില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്തു. വയനാട് സൈബര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചശേഷമാണ് പോലീസ് കേസെടുത്തത്.
കുഞ്ഞുമായി യുവതി സിപ്പ് ലൈനില്‍ പോകാന്‍ തയ്യാറാകുന്നതിനിടെ ലൈന്‍ പൊട്ടുന്നതും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് താഴേക്ക് വീഴുന്നതുമായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്. ഇത് എഐ വീഡിയോ ആണെന്ന് കണ്ടെത്തിയിരുന്നു.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെവിടെയും ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും വയനാട് ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നു.
സിപ്പ് ലൈനില്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എന്നാല്‍ വീഡിയോയിലുള്ള യുവതിയും കുട്ടിയും ഹെല്‍മെറ്റ് പോലെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണുള്ളത്. കേബിള്‍ പൊട്ടി വീഴുന്നതായി കാണുന്ന ദൃശ്യങ്ങളിലും ചില അപാകതകള്‍ ഉണ്ട്.
‘wildeye’ എന്നൊരു വാട്ടര്‍മാര്‍ക്കും പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലെ ഇതേ വാട്ടര്‍മാര്‍ക്കോടെ വിഡിയോകള്‍ പങ്കുവച്ചിട്ടുള്ള ‘wildeye543’ എന്ന പേരില്‍ ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് കണ്ടെത്തി. എന്നാല്‍, വൈറല്‍ വിഡിയോ ഇതില്‍ പങ്കുവച്ചിട്ടുള്ളതായി നിലവില്‍ കാണുന്നില്ല.
