കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്. പിതാവ് അനസ് നൈന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പ് വഴി ഇക്കാര്യം അറിയിച്ചത്. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് അവര്‍ പോവുകയാണെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
പതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ പേര്‍ക്കും പ്രാര്‍ഥനയോടെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപെട്ടവരെ,
മക്കള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക്..
അവരുടെ ഡിഗ്‌നിറ്റി ഉയര്‍ത്തിപിടിച്ചു തന്നെ,
അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്..
പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ പേര്‍ക്കും പ്രാര്‍ത്ഥനാ മനസ്സോടെ,
നന്ദിയോടെ…
വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ..
വിദ്യാര്‍ഥിനിയെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടിസ് ചോദ്യംചെയ്ത് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. വിദ്യാര്‍ഥിനി ഇവിടെ തുടര്‍ന്ന് പഠിക്കുന്നില്ലെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുണ്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് മുതിരുന്നില്ലെന്ന് സര്‍ക്കാറും വ്യക്തമാക്കി.
മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയാറാണെന്നാണ് ഹരജി പരിഗണിക്കുന്നതിനിടെ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചത്. യൂനിഫോമിലും അച്ചടക്കത്തിലും രാജ്യാന്തര നിലവാരം പാലിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയതെന്നും ആരെയെങ്കിലും ഒറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അബ്രഹാമിന്റെ വംശപരമ്പരയിലുള്ളവരാണ് ക്രൈസ്തവരും മുസ്‌ലിംകളുമെന്ന് ചൂണ്ടിക്കാട്ടി ഇരു സമുദായങ്ങളും തമ്മിലെ സൗഹൃദബന്ധവും അവര്‍ വിശദീകരിച്ചു.
അതേമയം, സ്‌കൂളില്‍ തുടരുന്നില്ലെന്ന തീരുമാനത്തില്‍ വിദ്യാര്‍ഥിനി ഉറച്ചു നില്‍ക്കുകയായിരുന്നു. സ്‌കൂളിലെ അനുഭവം കുട്ടിക്ക് വലിയ മാനസിക വേദനയാണ് ഉണ്ടാക്കിയത്. കത്തോലിക്ക സഭക്ക് കീഴിലെ മറ്റ് സ്‌കൂളുകളില്‍ ശിരോവസ്ത്രത്തിന് തടസ്സമില്ല. പുറമെ മതസൗഹാര്‍ദം പറയുമ്പോഴും വിവേചനമാണ് കാണിക്കുന്നതെന്നും വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്‍ ആരോപിച്ചു.
വിദ്യാര്‍ഥിനിയുടെ ക്ലാസ് മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് സ്‌കൂളിന് നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടി. പരാതിയുണ്ടായ ഉടനെതന്നെ കുട്ടിയെ ക്ലാസില്‍ കയറ്റണമെന്ന നിര്‍ദേശം പ്രിന്‍സിപ്പലിന് നല്‍കിയെങ്കിലും ശിരോവസ്ത്രം മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നതടക്കം ചൂണ്ടിക്കാട്ടി എറണാകുളം ഡി.ഡി.ഇ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്‌കൂളിന് നോട്ടിസ് നല്‍കാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍, കുട്ടികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ സര്‍ക്കാറിന് ഇടപെടാമെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എന്‍.ഒ.സിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡി.ഡി.ഇ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
