കെട്ടിയിട്ട് മർദിച്ചു; ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകള്‍; യുവാവിനേറ്റത് ക്രൂരപീഡനം

0
23

കൊച്ചി: യുവാവിനെ മർദിച്ച് അവശനാക്കി വഴിയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഗതി മന്ദിരത്തിൽ വച്ച് യുവാവിനെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചെന്നും ഗുരുതരമായി പരുക്കേറ്റിട്ടും ചികിത്സ നൽകാതെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ ജനനേന്ദ്രിയം അണുബാധയെ തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരു കണ്ണിന് കാഴ്ചയും നഷ്ടമായിട്ടുണ്ട്. ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. 

നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ് യുവാവ്. സംഭവത്തിൽ വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ ഫ്രാൻസിസ് എന്ന അമൽ (65), സഹായികളായ നിതിൻ (35), ആരോമൽ (23) എന്നിവർ അറസ്റ്റിലായി.

ഇവർക്കെതിരെ വധശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. അഗതി മന്ദിരത്തിന്റെ നടത്തിപ്പിനെ കുറിച്ച് അന്വേഷിക്കാൻ വരാപ്പുഴ പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) ആണ് ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിനു സമീപം ആക്രമിക്കപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ മുറിവു പറ്റുകയും ഒരു കണ്ണിന് പരുക്കേൽക്കുകയും ദേഹമാസകലം മുറിവുകളോടും കൂടിയാണ് യുവാവിനെ കണ്ടെത്തിയത്. ഇയാളെ ആരാണ് ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഏതാനും ദിവസങ്ങളായി പൊലീസ്. തുടർന്നുണ്ടായ അന്വേഷണത്തിൽ ആലപ്പുഴയില്‍ നിന്ന് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി. 

അരൂരിൽ താമസിച്ചിരുന്ന സുദർശനൻ ഏതാനും മാസങ്ങളായി കുത്തിയതോടാണ് താമസം. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. എറണാകുളം നഗരത്തിൽ മറ്റ് ആറോളം കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ടാകാം ആക്രമണമെന്നായിരുന്നു കുടുംബം സംശയിച്ചിരുന്നത്.

ഇതിന്റെ അടസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിക്കുന്നത്. സുദർശനെ വഴിയരികിൽ തള്ളിയ സ്ഥലത്ത് അഗതി മന്ദിരത്തിന്റെ വാഹനം കണ്ടെത്തിയതോടെയാണിത്. തുടർന്ന് മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ ഇവരാണ് സുദർശനെ കൊണ്ടുവന്ന് തള്ളിയതെന്ന് പൊലീസിന് മനസിലാവുകയായിരുന്നു. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മനോനില ശരിയല്ലെന്ന് കണ്ട് അഗതിമന്ദിരത്തിലാക്കുകയും ചെയ്ത വ്യക്തിയാണ് സുദർശൻ. എന്നാൽ ഇവിടെ വച്ച് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായി. ഇതു തടയാൻ അഗതി മന്ദിരത്തിലെ നടത്തിപ്പുകാർ ശ്രമിക്കുകയും തുടർന്ന് സുദർശനെ ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.