സ്വകാര്യ ചിത്രങ്ങൾ പകർത്തി; ഗ്യാസ് സിലിൻഡർ കത്തിച്ച് കാമുകനെ കൊലപ്പെടുത്തി യുവതി, സഹായി മുൻ കാമുകൻ

0
14

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ തിമാർപുരിലെ അപ്പാർട്ട്‌മെന്‍റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുപിഎസ്‌സി ഉദ്യോഗാർഥിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. തീപിടിത്തത്തെ തുടർന്നുള്ള മരണമെന്ന് ആദ്യം സംശയിച്ച കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

രാംകേഷ് മീണ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ മീണയുടെ ലീവ്-ഇൻ പങ്കാളിയായ അമൃത ചൗഹാൻ (21), അമൃതയുടെ മുൻ കാമുകൻ സുമിത് കശ്യപ്, ഇവരുടെ സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ് ഇവർ. ബിഎസ്‌സി ഫൊറൻസിക് സയൻസ് വിദ്യാർഥിയാണ് അമൃത.

ഒക്ടോബർ ആറിനാണ്, തിമാർപുരിലെ ഗാന്ധി വിഹാറിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. നാലാം നിലയിലെ ഫ്ലാറ്റിലാണ് മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മീണയും അമൃതയും കഴിഞ്ഞ മേയ് മുതലാണ് ഒന്നിച്ചു താമസിക്കാൻ ആരംഭിച്ചത്. എന്നാൽ, തന്റെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും മീണ രഹസ്യമായി റെക്കോ‍ഡ് ചെയ്ത് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളതായി അമൃത പിന്നീട് കണ്ടെത്തി. ഇവ ഡിലീറ്റ് ചെയ്യണമെന്ന് അമൃത പലതവണ ആവശ്യപ്പെട്ടിട്ടും മീണ ചെവിക്കൊണ്ടില്ല. ഇതേത്തുടർന്നാണ് മീണയെ കൊല്ലാൻ അമൃത പദ്ധതിയിട്ടത്.

ഇതിനായി മുൻ കാമുകൻ സുമിത്തിനെ അമൃത ബന്ധപ്പെടുകയായിരുന്നു. ഫൊറൻസിക് സയൻസിലുള്ള അമൃതയുടെ അറിവും പാചകവാതക വിതരണക്കാരനായ സുമിത്തിന്‍റെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു ശേഷം ഫ്ലാറ്റിനു തീയിട്ട് തീപിടിത്തം മൂലമുള്ള അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ശ്രമം.