വംശീയവിദ്വേഷം, യുകെയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്തു

0
17

ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിൽ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടർന്ന് ബലാത്സംഗം ചെയ്തു. ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താൻ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യൻ വംശജയെന്നാണ് സൂചന. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

ഞെട്ടിക്കുന്ന ആക്രമണമാണെന്നും ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവർ എത്രയും വേഗം കൈമാറണമെന്നും പൊലീസ് അഭ്യർഥിച്ചു. 30 വയസ്സിൽ കൂടുതൽ പ്രായമുള്ളയാളാണ് പ്രതിയെന്നാണ് നിഗമനം. ബ്രിട്ടീഷ് വംശജനാണ്. ചെറിയ മുടിയുള്ള ഇയാൾ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. യുവതിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമിക്കപ്പെട്ടത് പഞ്ചാബി യുവതിയാണെന്ന് പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ പ്രചാരണമുണ്ടായി.

സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷത്തോടെ നടന്ന ബലാത്സംഗത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ ആക്രമണം. ആ കേസിൽ അറസ്റ്റു ചെയ്തവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. യുവതി താമസിച്ചിരുന്ന വീടിന്റെ വാതിൽ തകർത്താണ് അക്രമി അകത്തു കയറിയതെന്ന് സിഖ് സംഘടനകൾ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ പരിധിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ‌ യുവതികൾക്കു നേരെ രണ്ടു ബലാത്സംഗങ്ങളാണ് ഉണ്ടായത്. ഉത്തരവാദികളെ അടിയന്തരമായി കണ്ടെത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.