സംസ്ഥാനത്തെ 117 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരില്ലെന്ന് വിവരാവകാശ രേഖ. പ്രിൻസിപ്പൽമാരുടെ അഭാവം സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായും മറ്റ് അധ്യാപകർക്ക് ജോലി ഭാരം കൂടുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാനക്കയറ്റം ലഭിച്ചവരിൽ പലരും വിരമിച്ചു. അതിന് ശേഷം പ്രൊമോഷൻ നടപടികളും ഉണ്ടായിട്ടില്ല. ഇതോടെ വരുന്ന മാർച്ചിൽ വിരമിക്കാനിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അവസരം നഷ്ടമാകുമെന്നും ആശങ്കയുണ്ട്.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അധ്യയനവർഷം പകുതി പിന്നിടുകയാണ്. എന്നാൽ 117 സർക്കാർ സ്കൂളുകളിൽ ഇപ്പോഴും പ്രിൻസിപ്പൽമാരില്ല. പ്രമോഷൻ ലഭിച്ച് പ്രിൻസിപ്പൽമാരാകാൻ യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് മാസങ്ങൾക്കു മുൻപേ കോൺഫിഡൻഷ്യൽ റിപ്പോർട്ട് വാങ്ങിയെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഒഴിവുകൾ ഇനിയും നികത്താനായിട്ടില്ല.
ഒഴിവുകളുടെ കണക്ക് ഇങ്ങനെ. പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകൾ ഏറ്റവും കൂടുതൽ കാസർഗോഡ് ജില്ലയിലാണ്, 23 എണ്ണം. തൊട്ടുപിന്നിൽ മലപ്പുറം. കണ്ണൂരിൽ 13ഉം കോഴിക്കോട് 11ഉം കൊല്ലത്ത് 10ഉം സ്‌കൂളുകളിൽ ഒഴിവുണ്ട്. പാലക്കാട് ഒൻപത് സ്‌കൂളുകളിലും വയനാട് എട്ട് സ്‌കൂളുകളിലും കോട്ടയത്തും തൃശൂരും അഞ്ച് സ്‌കൂളുകളിലും നിലവിൽ പ്രിൻസിപ്പൽമാരില്ല. എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ മൂന്ന് ഒഴിവുകളും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒന്ന് വീതവും ചേർന്ന് ആകെ 117 ഒഴിവുകൾ.
ഹയർ സെക്കൻഡറി അധ്യാപകരെയും ഹൈസ്കൂൾ പ്രധാനാധ്യാപകരെയുമാണ് 2:1 എന്ന അനുപാതത്തിൽ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളും നിയമനം വൈകാൻ കാരണമായിരുന്നു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും അധ്യാപനത്തിലും നിരവധി ചുമതലകൾ വഹിക്കേണ്ട പ്രിൻസിപ്പൽമാരുടെ അഭാവം പ്രതിസന്ധിയാകുന്നെന്ന് അധ്യാപക സംഘടനകളും കുറ്റപ്പെടുത്തുന്നു.
വിദ്യാലയത്തിന്റെ പൂർണ ചുമതലയ്ക്ക് പുറമെ പിടിഎയുടെ സെക്രട്ടറിയെന്ന നിലയ്ക്കും പ്രിൻസിപ്പൽമാർ പ്രവർത്തിക്കണം. ആഴ്ചയിൽ എട്ട് പിരിയഡുകൾ ക്‌ളാസെടുക്കണമെന്നും നിബന്ധനയുണ്ട്. നിലവിൽ ഇൻചാർജ് ചുമതലയുള്ളവർ ഈ ഉത്തരവാദിത്തങ്ങൾ എല്ലാം ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി പ്രിൻസിപ്പൽമാരെ നിയമിച്ചത്. രണ്ട് മാസം കഴിഞ്ഞപ്പോൾ ഇവരിൽ പലരും വിരമിച്ചു. സ്ഥാനക്കയറ്റം ഉടൻ നടന്നില്ലെങ്കിൽ അടുത്ത വർഷം മാർച്ചിൽ വിരമിക്കാനിരിക്കുന്ന അർഹരായ അധ്യാപകർക്ക് അവസരം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.
….
