മുംബൈ: പൊലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ആത്മഹത്യ ചെയ്ത ഡോക്ടര്‍ വ്യാജ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുണ്ടെന്ന ആരോപണവുമായാണ് മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്.
ഭാഗ്യശ്രീ മാരുതി പച്ചാങ്‌നെ എന്ന സ്ത്രീയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഭാഗ്യശ്രീയുടെ മകള്‍ ദീപ്തിയുടേത് സ്വാഭാവിക മരണമായിരുന്നില്ലെന്നും എന്നാല്‍, ഡോക്ടര്‍ ഒപ്പിട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണം എന്ന് രേഖപ്പെടുത്തിയെന്നുമാണ് ആരോപണം.
എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു; കൈപ്പത്തിയിൽ കുറിപ്പെഴുതി ഡോക്ടർ ജീവനൊടുക്കി
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഡോക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഭാഗ്യശ്രീ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സത്താരയിലെ ഫാല്‍ട്ടാന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു മരിച്ച ഡോക്ടര്‍. എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കൈപ്പത്തിയില്‍ എഴുതിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. രണ്ട് വര്‍ഷം മുമ്പാണ് സബ് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചത്. കടുത്ത സമ്മര്‍ദ്ദത്തിലാണ് യുവതി ഇവിടെ ജോലി ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തി ബന്ധു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സ്ത്രീ കൂടി ആരോപണവുമായി എത്തുന്നത്.
പലപ്പോഴും തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും ആശുപത്രിയില്‍ നിന്ന് എഴുതി നല്‍കുന്നതിന് ഡോക്ടര്‍ നിര്‍ബന്ധിതയായിരുന്നു എന്നായിരുന്നു ബന്ധുവിന്റെ വെളിപ്പെടുത്തല്‍. പലപ്പോഴും ഉദ്യോഗസ്ഥര്‍ തെറ്റായ ഓട്ടോപ്സി റിപ്പോര്‍ട്ടുകളും ഫിറ്റ്നസ് റിപ്പോര്‍ട്ടുകളും നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നു. രോഗി ഇല്ലാതെ രോഗിയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടറെ നിര്‍ബന്ധിച്ചിരുന്നെന്നാണ് ബന്ധുവായ യുവാവ് പറഞ്ഞത്.
എസ് ഐ ഗോപാല്‍ ബാദ്നെ തന്നെ അഞ്ച് മാസത്തിനിടെ നാല് തവണ പീഡിപ്പിച്ചെന്നും നിരന്തരമായ അതിക്രമമാണ് തന്നെ സ്വയം ജീവനെടുക്കുന്നതിന് പ്രേരിപ്പിക്കുന്നതെന്നും യുവതി കൈയ്യില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
