നന്ദേഡ്: മകളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ പിതാവും സഹോദരനും ചേർന്ന് മഹാരാഷ്ട്രക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഗൗണഗാവ് സ്വദേശിയായ വിഷ്ണു (27) ആണ് അതിക്രൂരമായി കൊല്ല ചെയ്യപ്പെട്ടത്. പ്രതികളായ രണ്ട് പേരെ നന്ദേഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിദറിലെ ചിന്തകി ഗ്രാമത്തിലുള്ള പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്ഐആർ പ്രകാരം, ഗ്രാമത്തിൽ ഒരാളെ കെട്ടിയിട്ട് അതിക്രൂരമായി ആക്രമിച്ചതായി പൊലീസിന് ആദ്യം വിവരം ലഭിച്ചിരുന്നു. പൊലീസുകാർ സ്ഥലത്ത് എത്തിയപ്പോൾ ദേഹമാസകലം പരിക്കുകളോടെ അബോധാവസ്ഥയിൽ കിടക്കുന്ന വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇയാളെ ചിന്തകി സർക്കാർ ആശുപത്രിയിലും പിന്നീട് ബിദർ ബ്രിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും യുവാവ് മരിക്കുകയായിരുന്നു.
വിഷ്ണുവിൻ്റെ അമ്മ ലക്ഷ്മി പൊലീസിൽ നൽകിയ പരാതിയിൽ, തൻ്റെ മകൻ കന്നടക്കാരിയായ പൂജ എന്ന സ്ത്രീയുമായി ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹിതയും കുട്ടികളുമുള്ള ഒരു സ്ത്രീയാണ് പൂജ. പൂജ തൻ്റെ ഭർത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം താമസിക്കുകയായിരുന്നു. ആ ബന്ധം അവരുടെ കുടുംബത്തിന് അറിയാമായിരുന്നു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ, മൂന്ന് മാസം മുമ്പ് അവർ നാഗനപ്പള്ളിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.
ചൊവ്വാഴ്ച വിഷ്ണു നാഗനപള്ളിയിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം പൂജയെ കാണാൻ പോയതായി അമ്മ ലക്ഷ്മി പറഞ്ഞു. പൂജയുമായി വിഷ്ണുവിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹനുമാൻ ക്ഷേത്രത്തിൽ വച്ച് പൂജയുടെ അച്ഛൻ അശോകും സഹോദരൻ ഗജാനനും അയാളെ വടിയും മറ്റുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഷ്ണുവിനെ കെട്ടിയിട്ട നിലയിൽ നിലത്ത് കിടക്കുന്നതും, അശോകും ഗജാനനും ചേർന്ന് വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.
ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷ്ണുവിനെ കൈകൾ കെട്ടിയ നിലയിൽ നിലത്ത് കിടക്കുന്നതും അശോകും ഗജാനനും ചേർന്ന് വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. അമ്മ ലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിന്തകി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അശോകിനെയും ഗജാനനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
….
