ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ ഉണ്ടായ ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയ റോഡ് നിർമാണം എന്ന് പരാതി. മൂന്ന് ദിവസമായി റോഡ് വിണ്ടുകീറുന്നത് അറിയിച്ചിരുന്നു. എന്നാൽ ഈ വിവരം അധികൃതർ അവഗണിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയില്ലാതിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചുവെന്നും, അല്ലെങ്കിൽ ഇതിലും വലിയ ദുരന്തം നേരിടേണ്ടി വന്നേനെ എന്നും അവർ കൂട്ടിച്ചേർത്തു.
15 അടിയോളം ഉയരത്തിലായിരുന്നു ആദ്യം മണ്ണെടുത്തിരുന്നത്. പിന്നീട് അത് 60 അടിയോളമാക്കി മണ്ണെടുത്തുവെന്നും പ്രദേശവാസി പറഞ്ഞു. മണ്ണ് എടുക്കരുത് എന്ന് കളക്ടർ അടക്കം നിർദേശം നൽകിയതാണ്. പക്ഷേ,അവർ അത് ചെവിക്കൊണ്ടില്ലെന്നും അവർ പറഞ്ഞു. ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ ജനങ്ങൾ പറഞ്ഞാൽ എന്ത് ചെയ്യാനാവും എന്നും, ഒരാൾ പൊക്കത്തിലുള്ള വിള്ളലാണ് സംഭവസ്ഥലത്ത് രൂപപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.
ഇടുക്കി അടിമാലിക്കും മൂന്നാറിനുമിടെ കൂമ്പൻപാറയിലാണ് അപകടമുണ്ടായത്. ദേശീയപാത 85 നിർമാണ പ്രവർത്തികൾ നടക്കുന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭാഗമായി പ്രദേശത്തെ 22 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഇതിനുപിന്നാലെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. ആദ്യം മണ്ണിടിഞ്ഞ് ഉണ്ടായ സ്ഥലത്തെ മണ്ണ് മാറ്റിയിരുന്നു. എന്നാൽ സൈഡ് വാളിന് ഇത് താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഇതോടെയാണ് മണ്ണ് താഴേക്ക് പതിച്ചത്.
ബിജുവും ഭാര്യയും രാത്രി ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ തയ്യാറാകാതിരുന്ന ഇരുവരും ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. പോകരുത് എന്ന് പറഞ്ഞിട്ടും, അത് വക വയ്ക്കാതെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. 50 അടിയിലേറെ ഉയരമുള്ള മൺ തിട്ട ആറോളം വീടുകളിലേക്കാണ് പതിച്ചത്. ഇതൊരു മനുഷ്യ നിർമിത ദുരന്തമാണ് എന്നും പ്രദേശവാസികൾ പറയുന്നു.
ആറര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഇരുവരേയും പുറത്തെത്തിച്ചത്. വീടിൻ്റെ തൂൺ ബിജുവിൻ്റെ തലയിൽ പതിച്ച അവസ്ഥയിൽ ആയിരുന്നു. ഇരുവരുടെയും കാലുകൾ അലമാരയ്ക്കിടെ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പുറത്തെത്തിച്ചപ്പോൾ സന്ധ്യ പ്രതികരിച്ചിരുന്നുവെന്നും, എന്നാൽ ബിജു സംസാരത്തോട് യാതൊരു പ്രതികരണവും നടത്തിയില്ലെന്നും അവർ അറിയിച്ചു.
