തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമം വിജയിച്ചില്ല. മന്ത്രി വി.ശിവന്‍കുട്ടി എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ടു. മന്ത്രി ജി.ആര്‍ അനിലും ബിനോയ് ക്കൊപ്പമുണ്ടായിരുന്നു.
പദ്ധതിയിൽ ഒപ്പുവച്ചതിലെ അതൃപ്തി സിപിഐ നേതൃത്വം മന്ത്രിയെ അറിയിച്ചു. ”ബിനോയ് വിശ്വത്തെയും ജി.ആര്‍ അനിലിനെയും കണ്ടു. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചര്‍ച്ച ചെയ്തു. ചര്‍ച്ച ചെയ്ത കാര്യങ്ങൾ വെളിപ്പടുത്താൻ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും തീരും” ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാനുള്ള കാരണം എന്ന് ശിവൻകുട്ടി വിശദീകരിക്കണമെന്ന് ജി.ആര്‍ അനിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തി ആകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.മന്ത്രിസഭയെ ഒഴിവാക്കി മന്ത്രിസഭ അറിയാതെ എന്തിന് ഒപ്പുവെച്ചുവെന്നും തൃപ്തിയാകുന്ന വിഷയം അല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പി എം ശ്രീയിൽ സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂ എന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. രണ്ടുതവണ മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോഴും അതൃപ്തി അറിയിച്ചിരുന്നു. 27ന് നടക്കുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി തീരുമാനം പറയും. യുഡിഎഫിലേക്ക് പോകേണ്ട യാതൊരു സാഹചര്യവും സിപിഐക്ക് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീയിൽ നിന്ന് പിന്മാറുക എന്നതല്ലാതെ രാഷ്ട്രീയപരമായി സർക്കാരിന് മറ്റൊരു വഴിയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു പറഞ്ഞു. പിഎം ശ്രീ ധാരണപത്രം റദ്ദാക്കണം എന്നത് സിപിഐയുടെ രാഷ്ട്രീയ ആവശ്യമാണ്. പിഎം ശ്രീ ഒപ്പിടുന്നതിൽ തെറ്റില്ല എന്ന എസ്‌എഫ്ഐ നിലപാട് അത്ഭുതകരമെന്നും പ്രകാശ് ബാബു പറഞ്ഞു.
