തദ്ദേശ തെരഞ്ഞെടുപ്പ്: പി വി അന്‍വറിനേയും കൂടെകൂട്ടാന്‍ മുസ്‌ലീം ലീഗ്

0
23

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വറിനേയും സഹകരിപ്പിക്കാന്‍ മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം തുടരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അന്‍വറുമായി സഹകരിക്കാനുള്ള നീക്കം. എസ് ഡി പി ഐയുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

പ്രാദേശിക സാഹചര്യം നോക്കിയാണ് അന്‍വറുമായി സഹകരിക്കാനുള്ള തീരുമാനമാനമെന്ന് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതില്‍ യു ഡി എഫിന് വിരോധമില്ലെന്നും പി എം എ സലാം പറഞ്ഞു.

യു ഡി എഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു ഡി എഫിന്റെ നീക്കം. ആര്‍ എം പിയെ പോലെ വെല്‍ഫെയര്‍ പാര്‍ട്ടിയെയും മുന്നണിയില്‍ അസോസിയേറ്റ് ഘടകക്ഷിയാക്കണമെന്ന ആവശ്യം യു ഡി എഫിനു മുമ്പാകെയുണ്ട്.

പ്രാദേശികമായി യു ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്ക്‌പോക്ക് നടത്തുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളോളം എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്ന പി എം എ സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമര്‍ശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്.

അതിനിടെ ലീഗില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതില്‍ ചിലര്‍ക്ക് ഇളവു നല്‍കുമെന്ന സൂചനക്കെതിരെ യൂത്ത് ലീഗ് നീക്കം തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ ലീഗ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യൂത്ത് ലീഗ്. വ്യവസ്ഥയുടെ പേരില്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് വിജയത്തിന് അനിവാര്യമെങ്കില്‍ ഇളവ് ഉണ്ടാകുമെന്ന് പി എം എ സലാം വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ് നേടാന്‍ ലക്ഷ്യമിട്ടെന്നും വിമര്‍ശനം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ യൂത്ത് ലീഗ് മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു.