ഹൈദരാബാദ്: ബീഫ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിക്ക് (ഇഫഌ) സമീപത്തെ മലയാളികളുടെ ഹോട്ടലിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. രാത്രിയോടെയാണ് ഒരുകൂട്ടം ബജ്‌റംഗ്ദള്‍ ഗുണ്ടകളെത്തി ഹോട്ടലില്‍ ആക്രമണം നടത്തി അത് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടത്. കാംപസിനോട് ചേര്‍ന്നുള്ള ‘ജോഷ്യേട്ടന്‍സ് കേരള തട്ടുകട’ എന്ന റെസ്റ്റോറന്റ് ആണ് ആക്രമിക്കപ്പെട്ടത്.
വിഎച്ച്പി, ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ സ്ഥലത്തെത്തി ബീഫ് വിളമ്പുന്നതിനാല്‍ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുമെന്ന് പറഞ്ഞ ശേഷം എല്ലാവരോടും സ്ഥലം വിടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന്, ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ റെസ്റ്റോറന്റില്‍ ഉണ്ടായിരുന്ന സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മലയാളികള്‍ ആസ്വദിച്ച് കഴിക്കുന്ന പൊറൊട്ടയും ബീഫും ലഭിക്കുന്ന പ്രദേശത്തെ ഹോട്ടലാണിത്. സര്‍വകലാശാലയിലെയും സമീപപ്രദേശത്തെയും മലയാളികള്‍ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഇടവും ആണ് ‘ജോഷ്യെട്ടന്‍സ് കേരള തട്ടുകട’.
സംഭവം നടക്കുമ്പോള്‍ റെസ്റ്റോറന്റില്‍ ഉണ്ടായിരുന്ന ഒരാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയും വിഷയം കൂടുതല്‍ വഷളാകുന്നത് തടയുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് ഭരണത്തിലുള്ള തെലങ്കാനയില്‍ ബീഫ് ഉപഭോഗം നിരോധിച്ചിട്ടില്ല. ഹൈദരാബാദിലുടനീളം നിരവധി സ്ഥലങ്ങളില്‍ പരസ്യമായി ബീഫ് വിളമ്പുന്നുണ്ട്. എന്നിരുന്നാലും ഈ വിഭവം വിളമ്പുന്ന മിക്ക റെസ്റ്റോറന്റുകളും ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി പ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്ലിം ഭൂരിപക്ഷ മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്.
റെസ്റ്റോറന്റുകള്‍ സാധാരണയായി ബീഫ് വിളമ്പുന്നില്ല. പ്രധാനമായും ചിക്കന്‍, മട്ടണ്‍, കടല്‍ വിഭവങ്ങള്‍ എന്നിവയാണ് വില്‍ക്കുന്നത്. ഏറ്റവും പഴക്കം ചെന്ന മലയാളി ഭക്ഷണശാലകളിലൊന്നായ ഹൈദരാബാദിലെ അക്‌സണ്‍ ബീഫ് വിളമ്പുന്നില്ല.
ഇതാദ്യമായല്ല കേരളത്തിന് പുറത്തുള്ള മലയാളി ഹോട്ടലുകള്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ബീഫിന്റെ പേരില്‍ ലക്ഷ്യമിടുന്നത്. 2015ല്‍ ഡല്‍ഹി കേരളാ ഹൗസിനുള്ളിലെ കാന്റീനിലും ഹിന്ദുത്വവാദികള്‍ ബീഫിന്റെ പേരില്‍ അഴിഞ്ഞാടിയിരുന്നു.
