കണ്ണൂർ: തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഇരിക്കൂർ പൊലീസ് ബംഗാളിലെത്തി പിടികൂടി. ദൃശ്യം മോഡൽ കൊലപാതകം നടത്തിയ പരേഷ് നാഥ് മണ്ഡലിനെയാണ് ഇരിട്ടി പൊലീസ് ഇന്നലെ സാഹസികമായി പിടികൂടിയത്.
2021 ജൂണിലാണ് ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്‌ലാമിനെ (26), പരേഷ് നാഥ് മണ്ഡലും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. ജൂൺ 28 മുതൽ അഷിക്കുലിനെ കാണാതായി. അഷിക്കുലിന്റെ സഹോദരൻ മോമിൻ ഇരിക്കൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ അഷിക്കുലിന്റെ ഒപ്പം ജോലി ചെയ്ത പരേഷ് നാഥ് മണ്ഡലിനേയും ഗണേഷ് മണ്ഡലിനെയും കാണാതായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബറിലാണ് മൃതദേഹം കണ്ടെത്തിയത്. പെരുവളത്ത് പറമ്പ് കുട്ടാവ് ജംക്‌ഷനിൽ നിർമാണത്തിലിരുന്ന വീടിന്റെ ബാത്റൂമിൽ മൃതദേഹം കുഴിച്ചുമൂടിയ ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരേഷ് മണ്ഡലിനെയും ഗണേഷ് മണ്ഡലിനെയും അറസ്റ്റ് ചെയ്തു.
ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍, പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകളിലെ മുറിയില്‍വച്ചായിരുന്നു കൊലപാതകം. കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചുമാണ് കൊന്നത്. അന്ന് അഷിക്കുലും പരേഷ്നാഥും ഗണേഷും മാത്രമേ ഈ വീട്ടില്‍ തേപ്പുപണിക്കുണ്ടായിരുന്നുള്ളൂ. അഷിക്കുലിന്റെ കയ്യിലെ പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
