ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി പഠന ക്ലാസും കൺവെൻഷനും പൊതുസമ്മേളനവും നടത്തി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയ പ്രസക്തിയും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തിൻ്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെ എം സി സിയുടെ ‘സജ്ജം- 2025’ പഠന ക്യാമ്പും പൊതുസമ്മേളനവും ഏറെ ശ്രദ്ധേയമായി. വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ രാത്രി 11 വരെ ഷറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ സെക്ഷനുകളായി സംഘടിപ്പിച്ച പരിപാടി പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.
പരിപാടിയുടെ ആദ്യ സെഷൻ മണ്ഡലം കെ എം സി സി ഉപാധ്യക്ഷൻ കുഞ്ഞാലി കുമ്മാളിൻ്റെ അധ്യക്ഷതയിൽ ജിദ്ദ സെൻട്രൽ കെ എം സി സി ജനറല്‍ സെക്രട്ടറി വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ ഇല്യാസ് കല്ലിങ്ങൽ ആശംസ പ്രസംഗം നടത്തി. ഖാലിദ് കുറ്റിപ്പുറം ഖിറാഅത്ത് നടത്തി. തുടർന്ന് നടന്ന പഠന ക്ലാസ്സിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ‘സ്വത്വ സമുദായീക രാഷ്ട്രീയവും മുസ്‌ലിം ലീഗും’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. മണ്ഡലം ട്രഷറർ സൈനുദ്ദീൻ കോടെഞ്ചേരി സ്വാഗതവും വൈസ് പ്രസിഡന്റ് പി. അൻവറുദ്ദീൻ നന്ദിയും പറഞ്ഞു.
രണ്ടാം സെഷനായ ‘സംവാദ സദസ്സ്’ കെ.എം.സി.സി യുടെ വിവിധ തലങ്ങളിലുള്ള നേതാക്കളുമായി പ്രവർത്തകർക്ക് നേരിട്ട് സംവദിക്കാനുള്ള വേദിയായി. മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് സി. കെ കുഞ്ഞുട്ടിയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ മുതിർന്ന കെ എം സി സി നേതാവ് സി. കെ കുഞ്ഞിമരക്കാർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സീനിയർ നേതാവ് മജീദ് കോട്ടീരി, നാഷണൽ കെ.എം. സി. സി സെക്രട്ടറി നാസർ വെളിയംകോട്, സെൻട്രൽ കെ.എം.സി.സി സെക്രട്ടറി ശിഹാബ് താമരക്കുളം, ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി എന്നിവർ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മോഡറേറ്റർ ഹംദാൻ ബാബു മണ്ടയാപ്പുറം സംവാദ സദസ്സ് നിയന്ത്രിച്ചു. മണ്ഡലം കെ.എം.സി.സി സെക്രട്ടറി ആബിദ് തയ്യിൽ സ്വാഗതവും ചെയർമാൻ റസാഖ് വെണ്ടല്ലൂർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പൊതുസമ്മേളനം ദുരിതമനുഭവിക്കുന്ന പലസ്തീൻ മക്കൾക്ക് വേണ്ടിയുള്ള അലവിക്കുട്ടി മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ഷാജഹാൻ പൊന്‍മളയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ‘സംഘടനയെ സജ്ജമാക്കാം, തിരഞ്ഞെടുപ്പിന് ഒരുങ്ങാം’ എന്ന മലപ്പുറം ജില്ല കെ.എം.സി.സിയുടെ തിരഞ്ഞെടുപ്പ് കാമ്പയിന്റെ വിഷയവതരണം നടത്തി.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, മുഖ്യ പ്രഭാഷണം നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യം നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ജില്ല കെ.എം.സി.സി ചെയർമാൻ കെ. കെ മുഹമ്മദ്, എസ്.ഐ.സി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂര്‍ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹുസൈൻ കരിങ്കര, അബുട്ടി പള്ളത്ത്, ശിഹാബ് പുളിക്കൽ, യാസിദ് തിരൂർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കല്‍ സ്വാഗതവും ഒ.കെ നജീബ് മാറാക്കര നന്ദിയും പറഞ്ഞു.