തിരുവനന്തപുരം: കടുത്ത എതിർപ്പ് മറികടന്ന് പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചതിൽ പ്രതികരിച്ച് മുന്നണി നേതാക്കൾ. മുന്നണി മര്യാദകളുടെ ലംഘനമാണ് ഇപ്പോൾ നടന്നത് എന്നാണ് സിപിഐയുടെ പ്രതികരണം. ഫണ്ടിന് വേണ്ടി പദ്ധതിയി ഒപ്പിട്ടത് ശരിയായില്ലെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
സംസ്ഥാന താൽപ്പര്യപ്രകാരം നടത്തുമെന്നാണ് സിപിഐഎമ്മിൻ്റെ തീരുമാനം. സിപിഐയെ വഴിയേ നിലപാട് ബോധ്യപ്പെടുത്താമെന്നും സിപിഐഎം അറിയിച്ചു. ഏകപക്ഷീയ തീരുമാനത്തിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുമെന്നുമാണ് സിപിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സർക്കാർ നയം മാറ്റം നാളെ സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി ഗവൺമെൻ്റ് ചെയ്തത് സവർക്കർ ചെയ്തതിനേക്കാൾ വലിയ നെറികേട് ആണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന് വിറ്റ പിണറായി, താനും സവർക്കറും തമ്മിൽ എന്ത് വ്യത്യാസമെന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിലും ഭേദം സവർക്കർ ഷൂ നക്കിയത് പോലെ, മോഡിയുടെ ചെരുപ്പ് നക്കുക അല്ലായിരുന്നോ പിണറായി, എന്നാണ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ്റെ പ്രതികരണം. മുണ്ടുത്ത കേരളാ മോദി, നിൻ്റെ പണി ഈ മണ്ണിൽ നടപ്പില്ലെന്നും അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ് അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ് എന്നും അവർ ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പിൻ്റെത് ഗുരുതര വീഴ്ചയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ പറഞ്ഞു. ഇടതുമുന്നണി നിലപാടിനെ ദുർബലപ്പെടുത്തുന്ന തിരുമാനമാണ് സർക്കാർ എടുത്തത്. ഇതിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ടി. ടി. ജിസ്മോൻ അറിയിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറിയെ ആക്ഷേപിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പോസ്റ്റിട്ടു. പിണറായി കുനിയാൻ പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിൽ ഇഴയുമെന്നാണ് സുരേന്ദ്രൻ്റെ പോസ്റ്റ്. സിപിഐയ്ക്ക് കേരളത്തിൽ ഒരു റെലവെൻസുമില്ലെന്നും ആദ്യം കുറേ ബഹളം വെക്കും പിന്നെ കീഴടങ്ങുമെന്നും സുരേന്ദ്രൻ വിമർശിച്ചു.
