കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ വച്ച് 14 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആശുപത്രിയിലെ മുൻ വാർഡ് ബോയ് ആയ അമിത് മല്ലിക്കിനെയാണ് ബുധനാഴ്ച രാത്രി ധാപ്പയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസിലാണ് അറസ്റ്റ്. കൊൽക്കത്തയിലെ എസ്‌എസ്‌കെഎം സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ഈ ആശുപത്രിയിലെ തന്നെ മുൻ ജീവനക്കാരനാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. രക്ഷിതാക്കൾ ഒപി ടിക്കറ്റ് എടുക്കാനായി കൗണ്ടറിൽ കാത്തുനിൽക്കുകയായിരുന്നു. നല്ല തിരക്കുള്ള സമയത്ത് പെൺകുട്ടിയെ പ്രതിയായ അമിത് അടുത്തേക്ക് വിളിക്കുകയും സമീപത്തെ ശുചിമുറിയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പെൺകുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
