‘ഭർത്താവിനെ അവസാനമായി കാണാൻ നാട്ടിലേക്ക്; യുവതി വിമാനത്തിനുള്ളിൽ ബോധരഹിതയായി

0
91

ദുബായ്: ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് ഇന്നലെ (ബുധൻ) രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ്814 വിമാനം അനിശ്ചിതമായി വൈകുന്നു.

വിമാനത്തിൽ കയറ്റിയ നൂറിലേറെ യാത്രക്കാരെ ഏതാണ്ട് ഒരു മണിക്കൂറോളം ഇരുത്തിയ  ശേഷം പുറത്തിറക്കി. ഇതോടെ രോഗികളും വയോധികരും കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ വലഞ്ഞു. ഭർത്താവ് മരിച്ചതിനെ തുടർന്ന് അടിയന്തരമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മംഗളൂരു സ്വദേശിനി ബോധരഹിതയായി.

പിന്നീട് ഇവർക്ക് ചികിത്സ നൽകി. ഇതുപോലെ അടിയന്തരമായി പോകേണ്ടിയിരുന്ന ഒട്ടേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇന്നലെ രാത്രി മുതൽ ഒൻപത് മണിക്കൂറിലേറെയായി ഭൂരിഭാഗം യാത്രക്കാരും ഹോട്ടലിൽ കാത്തിരിക്കുകയാണ്. ഇന്ന് (വ്യാഴം) ഇന്ത്യൻ സമയം രാവിലെ 7.30ന് മംഗളൂരുവിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്.

യാത്രയ്ക്കായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് മണിക്കൂറുകൾക്ക് മുൻപേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയവരോട് അവസാന നിമിഷമാണ് വിമാനം വൈകുമെന്നും ഇന്ന് പുലർച്ചെ 1.10ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്നും അറിയിച്ചതെന്ന് യാത്രക്കാരിലൊരാളായ, യുഎഇയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കൂടിയായ രഞ്ജിത് കോടോത്ത് പറഞ്ഞു.

ഇതനുസരിച്ച് ബോർഡിങ് പാസും നൽകി. എന്നാൽ എമിഗ്രേഷൻ കൗണ്ടറിനടുത്തെത്തിയപ്പോൾ വിമാനം വീണ്ടും ഒരു മണിക്കൂർ വൈകുമെന്ന് അറിയിക്കുകയും ചെയ്തു. ഒടുവിൽ യാത്രക്കാരെ വിമാനത്തിനകത്ത് പ്രവേശിപ്പിച്ച് ഒരു മണിക്കൂറോളം അവിടെയിരുത്തി. വിമാനത്തിനകത്ത് നല്ല ചൂടനുഭവപ്പെട്ട് കുട്ടികൾ അസ്വസ്ഥരാവുകയും കരയാൻ തുടങ്ങുകയും ചെയ്തപ്പോൾ യാത്രക്കാർ പ്രശ്നത്തിലിടപെട്ടു. വിമാനത്തിന്റെ വാതിലടയാത്ത പ്രശ്നമാണ് ഉള്ളതെന്നും വൈകാതെ അത് പരിഹരിച്ച് യാത്ര പുറപ്പെടുമെന്നായിരുന്നു ക്യാപ്റ്റന്റെ അറിയിപ്പ്. എന്നാൽ ഇത് അനിശ്ചിതമായി വൈകിയപ്പോൾ ഭർത്താവ് മരിച്ച് നാട്ടിലേക്ക് പുറപ്പെട്ട യുവതി ബോധരഹിതയായി.

ഉടൻ ആംബുലൻസ് സ്ഥലത്തെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. വിമാനത്തിൽ നിന്ന് യാത്രക്കാർ ഒഴിയാൻ ആദ്യം അധികൃതർ ആവശ്യപ്പെട്ടത് നിരസിച്ചിരുന്നെങ്കിലും ഇതോടെ എല്ലാവരും ഇറങ്ങി ബസിൽ കയറി. ഈ ബസ് ഒരു മണിക്കൂറിലേറെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയും ഒടുവിൽ വിമാനത്താവള അധികൃതർ ഇടപെട്ട് യാത്രക്കാരെ നാലരയോടെ വിമാനത്താവളത്തിനകത്തേയ്ക്ക് മാറ്റുകയും ചെയ്തു. യാത്രക്കാർ ബഹളം വച്ചപ്പോൾ, സാങ്കേതിക തകരാർ പരിഹരിക്കാതെ വിമാനത്തിന് പുറപ്പെടാനാകില്ലെന്നും എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

ഇതോടെ വിമാനത്താവളത്തിനകത്ത് വൻ ബഹളമായി. ഹോട്ടലിൽ താമസിച്ച് അടുത്ത വിമാനത്തിൽ പോകാൻ താത്പര്യമില്ലാത്തവർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചതിനെ തുടർന്ന് ഭർത്താവ് മരിച്ച സ്ത്രീയടക്കം കുറേ പേർ മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുത്തു. എന്നാൽ ഇതിന് സാധിക്കാത്ത സാധാരണക്കാരായ ഭൂരിഭാഗം പേരും ഇപ്പോഴും ഹോട്ടലിൽ കാത്തിരിക്കുകയാണ്. ഏറ്റവുമൊടുവിൽ വിമാനം ഇന്ന് വൈകിട്ടിനകം യാത്ര പുറപ്പെടുമെന്നാണ് യാത്രക്കാരെ അറിയിച്ചിട്ടുള്ളത്. യാത്രക്കാർക്ക് ആദ്യം ബർഗർ നൽകുകയും പിന്നീട് ഹോട്ടലിൽ ചെന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.