ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം, ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

0
41

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് ആശാപ്രവര്‍ത്തകര്‍ എട്ട് മാസമായി നടത്തി വരുന്ന പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായി ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പാട്ടകൊട്ടിയാണ് സമരക്കാർ പ്രതിഷേധിച്ചത്.

രാവിലെ 12 മണി മുതൽ ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. ബാരിക്കേഡ് മറികടന്ന സമരക്കാരില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കൂടാതെ ഇവരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തുമാറ്റുകയും ചെയ്തു. ഇവ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുെമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാപ്രവര്‍ത്തകരെ നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റി.