പാമ്പെന്ന് പറഞ്ഞ് മുറ്റത്തേക്കിറക്കി 82കാരിയുടെ സ്വർണ മാല പൊട്ടിച്ചു; കള്ളൻ പിടിയിൽ

0
11

എറണാകുളം: കോതമംഗലം-പുതുപ്പാടിയിൽ വയോധികയെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കി സ്വർണമാല പൊട്ടിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. മുര്‍ഷിദാബാദ് സ്വദേശി ഹസ്മത്താണ് പൊലീസ് പിടിയിലായത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

പുതുപ്പാടി സ്‌കൂളിന് സമീപം വാഴാട്ടില്‍ ഏലിയാമ്മയുടെ ഒന്നര പവൻ്റെ സ്വര്‍ണമാലയാണ് ഇന്നലെ വൈകീട്ട് മോഷ്ടാവ് കവര്‍ന്നത്. വീടിന് സമീപം പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വയോധികയെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കിയാണ് പ്രതി സ്വർണമാല പൊട്ടിച്ചു കടന്നത്. വയോധികയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ മോഷണ ദൃശ്യങ്ങളും പുറത്തുവന്നു.

കോതമംഗലം പൊലീസ് എത്തി സിസിടിവി പരിശോധിച്ച് രാത്രി 9.30 ഓടെ മൂവാറ്റുപുഴ ഭാഗത്ത്‌ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇൻസ്പെക്ടർ പി.ടി. ബിജോയ്, സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ ഇന്ന് കോതമംഗലം കോടതിയിൽ ഹാജരാക്കും. അതേ സമയം മോഷണശ്രമത്തിനിടെ ഏലിയാമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. ഇടുപ്പെല്ലിനു പരിക്കേറ്റ ഏലിയാമ്മ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് മകൾ ചിന്നമ്മ ജോസ് പറഞ്ഞു.