കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സുപ്രഭാതം. തിടുക്കത്തില്‍ നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടുമെന്നും തമിഴ്‌നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
‘അത്ര ശ്രീയല്ല പിഎം ശ്രീ’ എന്ന തലക്കെട്ടോടെയാണ് ലേഖനം. സിപിഐയുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തില്‍ പറയുന്നു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകള്‍ എതിര്‍ത്തപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്.
മുന്‍പും പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടന്നിരുന്നു. അന്ന് സിപിഐ മന്ത്രിമാര്‍ ഇടപെട്ട് വിഷയം ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. കേന്ദ്ര വ്യവസ്ഥയ്ക്ക് വഴങ്ങി കൃഷി, ആരോഗ്യ വകുപ്പുകള്‍ ഫണ്ട് വാങ്ങിയതുപോലെ ഇതിനെയും കണ്ടാല്‍ മതിയെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം. കൃഷി വകുപ്പോ ആരോഗ്യവകുപ്പോ വാങ്ങുന്ന ഫണ്ട് പോലെയല്ല വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന ‘ഔദാര്യം’ എന്നും ലേഖനത്തില്‍ പറയുന്നു.