പാലക്കാട്: കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപികമാർക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചിരുന്നു. ഇക്കാര്യം ചോദിച്ച് ഫോൺ വിളിച്ചതിന് പിന്നാലെ മകനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു.
ക്ലാസിൽ അർജുൻ നിരന്തരം മാനസിക പീഡനം നേരിട്ടു. അർജുനെ നേരത്തെ അധ്യാപിക മർദിച്ചെന്ന് ആരോപിക്കുന്ന ചിത്രങ്ങളും കുടുംബം പുറത്തുവിട്ടു. വിഷയവുമായി ബന്ധപ്പെട്ട് ടീച്ചർമാർക്ക് അനുകൂലമായി സംസാരിച്ച അർജുന്റെ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ വോയിസ് ക്ലിപ്പും കുടുംബം പുറത്ത് വിട്ടു. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
ഇക്കഴിഞ്ഞ 14ാം തീയതിയായിരുന്നു പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ തുങ്ങിമരിച്ചത്. അർജുൻ്റെ മരണത്തിൽ വിദ്യാർഥി പ്രതിഷേധം പിടിവിട്ടതോടെ പ്രധാന അധ്യാപികയെയും ക്ലാസ് ടീച്ചറെയും മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷൻ അംഗീകരിക്കില്ലെന്നും ക്ലാസ് ടീച്ചർ രാജിവയ്ക്കണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം. കുട്ടി ജീവനൊടുക്കിയതിൽ ഡിഇഒയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിന്നാലെ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ മാനേജർക്ക് നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.