ഗർഭിണിയായ യുവതിയെ റോഡിൽ വച്ച് കുത്തിക്കൊലപ്പെടുത്തി കാമുകൻ, കാമുകനെ തൊട്ടുപിന്നാലെ ഭർത്താവും കൊലപ്പെടുത്തി

0
14

ന്യൂഡൽഹി: നാടിനെ നടുക്കി ഡൽഹി രാം നഗറിൽ രണ്ട് കൊലപാതകങ്ങൾ. വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ‌ ഗർഭിണിയായ യുവതിയെ റോഡിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ കാമുകനെ തൊട്ടുപിന്നാലെ ഭർത്താവ് കൊലപ്പെടുത്തി.

22 കാരിയായ വീട്ടമ്മ ശാലിനി രണ്ട് പെൺകുട്ടികളുടെ അമ്മയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ശാലിനിയുടെ ഭർത്താവ് ആകാശ് (23) നിലവിൽ ആശുപത്രിയിലാണ്. ശാലിനിയുമായി ബന്ധമുണ്ടായിരുന്ന ഒരു പ്രാദേശിക ഗുണ്ടയായിരുന്നു ആശു എന്ന ശൈലേന്ദ്ര (34).

ഭർത്താവിനൊപ്പം ജീവിക്കരുതെന്ന ശൈലേന്ദ്രയുടെ തീരുമാനം ശാലിനി എതിർത്തതാണ് യുവതിയ്ക്ക് നേരെ ആക്രമണം നടത്താനുള്ള കാരണം. ഗർഭസ്ഥ ശിശു തന്റേതാണെന്നും അതിനാൽ തനിക്കൊപ്പം ജീവിക്കണമെന്നും ആയിരുന്നു ശൈലേന്ദ്രയുടെ ആവശ്യം. ഇന്നലെ രാത്രി ആകാശും ശാലിനിയും ഖുതുബ് റോഡിൽ ശാലിനിയുടെ അമ്മയെ കാണാൻ പോയപ്പോഴാണ് ആക്രമണം നടന്നത്. ശൈലേന്ദ്ര പെട്ടെന്ന് ദമ്പതികളുടെ മുന്നിലെത്തി ആകാശിനെ കത്തികൊണ്ട് ആക്രമിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറി. തുടർന്ന് ഓട്ടോറിക്ഷയിൽ ഇരുന്ന ശാലിനിയുടെ ശരീരത്തിൽ കത്തി പുറത്തെടുത്ത് പലതവണ കുത്തുകയായിരുന്നു.

ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആകാശിനും കുത്തേറ്റു. എന്നാൽ തന്നെ കുത്താൻ ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി ശൈലേന്ദ്രയെ ആകാശ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ സഹോദരൻ രോഹിത് ഉടൻ തന്നെ ദമ്പതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശൈലേന്ദ്രയേയും അതേ ആശുപത്രിയിൽ തന്നെ എത്തിച്ചു. എന്നാൽ ശാലിനിയുടെയും ശൈലേന്ദ്രയുടേയും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആകാശിനു നിരവധി കുത്തേറ്റതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ നിധിൻ വൽസൻ പറഞ്ഞു. സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ശാലിനിയുടെ അമ്മ ഷീലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ശാലിനിയുടെയും ആകാശിന്റെയും ബന്ധം കുറച്ചു വർഷങ്ങൾക്ക് മുൻപു വഷളായിരുന്നുവെന്നും അപ്പോഴാണ് ശാലിനിക്ക് ശൈലേന്ദ്രയുമായി ബന്ധമുണ്ടായതെന്നും ആണ് വിവരം. ഇരുവരും കുറച്ചുകാലം ഒരുമിച്ചു താമസിച്ചിരുന്നു. അനുരഞ്ജന ശ്രമങ്ങൾക്കൊടുവിൽ ശാലിനിയും ആകാശും രണ്ട് കുട്ടികൾക്കും ഒപ്പം വീണ്ടും ഒരിമിച്ചു താമസം തുടങ്ങി. ഇതാണ് ശൈലേന്ദ്രയെ പ്രകോപിപ്പിച്ചത്. ശാലിനിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതാവാണ് താനെന്ന് അയാൾ അവകാശപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആകാശാണ് പിതാവെന്ന് ശാലിനി തറപ്പിച്ചു പറയുകയായിരുന്നു.