കിഴക്കൻ സഊദി തീരത്തിന് സമീപം അറേബ്യൻ ഗൾഫ് കടലിൽ ഭൂചലനം

0
12

റിയാദ്: സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന്‍ ഗൾഫ് കടലില്‍ ഭൂചലനം രേഖപ്പെടുത്തി. ഞായർ രാവിലെ 12. 27ന് ശേഷം ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സഊദി ജിയോളജിക്കൽ സർവേയുടെ നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്. ഒക്ടോബർ 19 ഞായറാഴ്ച പുലർച്ചെ 12:27 ന് ഖഫ്ജിയിൽ നിന്ന് 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കണ്ടെത്തിയതായി സഊദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ പറഞ്ഞു.

“അറേബ്യൻ ഗൾഫിൽ ഉണ്ടായ ഈ ഭൂകമ്പം രാജ്യത്തിന്റെ പ്രദേശത്ത് നിന്ന് ഭൂമിശാസ്ത്രപരമായി അകലെയാണ്. ശാസ്ത്രീയമായി വിന്യസിച്ചിരിക്കുന്ന ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ വഴി രാജ്യത്തിനകത്തും പുറത്തും രേഖപ്പെടുത്തിയ എല്ലാ ഭൂകമ്പങ്ങളും അതോറിറ്റി 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയിലെ സ്ഥിതി സാധാരണവും സുരക്ഷിതവുമാണെന്നും ദൈവത്തിന് സ്തുതി എന്നും ഭൂകമ്പ പ്രവർത്തനങ്ങളുടെ സൂചനകളോ പ്രവചനങ്ങളോ ഇല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിലവിൽ നിരീക്ഷിക്കപ്പെടുന്ന ഭൂകമ്പങ്ങൾ റിക്ടർ സ്കെയിലിൽ വളരെ ദുർബലമാണെന്നും സഊദി അറേബ്യയ്ക്ക് ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്നും അബ അൽ-ഖൈൽ ചൂണ്ടിക്കാട്ടി.