കോട്ടയം: കിടങ്ങൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് രമണി (70) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു സോമൻ ശ്രമിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇളയ മകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും നിലവിളി കേട്ട് മൂത്ത മകൻ ഓടിയെത്തി കൊലപാതക ശ്രമം തടഞ്ഞു. മേസ്തിരിപ്പണിക്കാരനാണ് സോമൻ. കൊലപാതകത്തിനു ശേഷം നിർവികാരനായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന സോമനെ കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന വിവരം മൂത്തമകനാണ് സമീപവാസിയായ പഞ്ചായത്തംഗം പി.ടി. സനിൽകുമാറിനെ അറിയിച്ചത്.