കൊച്ചി: ശിരോവസ്ത്ര വിലക്കിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. ശിരോവസത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
അതേസമയം, ശിരോവസ്ത്ര വിവാദത്തിൽ പ്രതികരണവുമായി വിദ്യാർഥിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാർഥിനി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ തീരുമാനമെടുത്തതായി പിതാവ് പറഞ്ഞു. ഈ സ്‌കൂളിൽ പഠിക്കുന്നതിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്‌കൂൾ മാറ്റുന്നതെന്ന് പിതാവ് വ്യക്തമാക്കി. സ്‌കൂളിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
വിഷയത്തിൽ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ പ്രിൻസിപ്പാൾ നന്ദി അറിയിച്ചിരുന്നു. സ്‌കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർഥിനിക്ക് സ്‌കൂളിൽ തുടരാമെന്നും പ്രിൻസിപ്പാൾ പ്രതികരിച്ചിരുന്നു.