തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐ ഗ്രൂപ്പ് പരാതി നല്‍കി. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടെന്നാണ് പരാതി. സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ നിലവില്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പില്‍ ധാരണ. പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദികളില്‍ പരാതി അറിയിക്കാനും തീരുമാനമുണ്ട്. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഹൈക്കമാന്‍ഡ് നിലപാടിന് വേണ്ടി കാത്തിരിക്കുകയാണ് ഐ ഗ്രൂപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പരാതി നല്‍കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
അബിന്‍ വര്‍ക്കി
അതേസമയം ഹൈക്കമാന്‍ഡ് തീരുമാനമാണ് നിര്‍ണ്ണായകമെന്നും സൂഷ്മമായി പരിശോധിച്ചശേഷമാണ് തീരുമാനമുണ്ടായതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് നീക്കാന്‍ നേതൃത്വത്തിന് കഴിയും. അവരെ വിശ്വാസത്തിലെടുത്ത് മാത്രമെ മുന്നോട്ട് പോകാനാകൂവെന്നും അതാണ് ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
