തെരുവ്നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് മാസത്തിനടുത്ത് പഴക്കം

0
20

കൊല്ലം: മൈനാഗപ്പള്ളിയിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിൻ്റെ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. മൃതദേഹത്തിന് രണ്ട് മാസത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ചുവെന്നും കണ്ടെത്തൽ. മരണകാരണം കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് പൊലീസ്.

വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയുടെ മൃതദേഹമാണ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.

മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ശേഷിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ അതോ മരിച്ചശേഷം മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചതാണോയെന്നതിലും വ്യക്‌തതയില്ല.