ഐ ഗ്രൂപ്പിന് കടുത്ത അതൃപ്തി; നാളെ മാധ്യമങ്ങളെ കാണാന്‍ അബിൻ വർക്കി

0
143

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തിൽ ഐ ഗ്രൂപ്പ് (രമേശ് ചെന്നിത്തല വിഭാഗം) കടുത്ത അതൃപ്തിയില്‍. അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടതിന് പുറമെ പുതുതായി സൃഷ്ടിക്കപ്പെട്ട രണ്ട് പദവികളും (വർക്കിങ് പ്രസിഡൻ്റ്, ദേശീയ സെക്രട്ടറിമാർ) കെ.സി. വേണുഗോപാൽ വിഭാഗം കൈക്കലാക്കിയെന്നാണ് പ്രധാന വിമർശനം.

സംഘടന തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയുടെ കാര്യത്തിൽ സ്വാഭാവിക നീതി നടപ്പായില്ലെന്ന് രമേശ് വിഭാഗം ആരോപിക്കുന്നു. അദ്ദേഹത്തിന് നൽകിയിട്ടുള്ള ദേശീയ പദവി നേരത്തേയും നിരസിക്കപ്പെട്ടതാണെന്നും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ അബിൻ വർക്കി തന്റെ നിലപാട് വ്യക്തമാക്കാൻ നാളെ മാധ്യമങ്ങളെ കാണും. അദ്ദേഹത്തിന് നൽകിയ ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്ന് തീരുമാനമറിയിക്കും.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചു മുന്നോട്ട് പോകണം എന്ന് രമേശ് ചെന്നിത്തല അതിശക്തമായി തന്നെ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടാമത്തെ സ്ഥാനാർത്ഥിയായിരുന്ന അബിൻ വർക്കിയെ തന്നെ അധ്യക്ഷനാക്കണം എന്ന നിലപാടിൽ രമേശ് ചെന്നിത്തല അവസാന ഘട്ടം വരെ ഉറച്ചുനിന്നിരുന്നു. എന്നാൽ സാമുദായിക സമവാക്യങ്ങൾ പാലിക്കാതെ നിലവിലെ ഈ ഘട്ടത്തിൽ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നേതൃത്വത്തിൻ്റെ നിലപാടിനെ തുടർന്നാണ് ഒ.ജെ. ജനീഷിന് നറുക്ക് വീണത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ പദവി ഒരു മാസത്തോളം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പിണറായി സർക്കാരിനെതിരായ സമരങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട സമയത്ത് അധ്യക്ഷനില്ലാത്ത അവസ്ഥ തുടരുന്നത് ശരിയല്ലെന്ന നിലപാട് നേതാക്കൾ എടുത്തതിനെ തുടർന്നാണ് പ്രഖ്യാപനം വേഗത്തിലാക്കിയത്.