പബ്ബിലെ സ്ത്രീകളുടെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയില്‍

0
92

31 കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ പബ്ബിലെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള പബ്ബില്‍ വെള്ളിയാഴ്ചയാണ് സംഭവം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചത് മാണ്ഡ്യയില്‍ നിന്നുള്ള മേഘാരാജ് എന്ന മേഘാനന്ദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 

മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ പബ്ബിലെത്തിയത്. മദ്യപിക്കുകയും ആഘോഷിച്ചതിനും ശേഷം രാത്രി 12.45 ഓടെ സംഘം പബ്ബില്‍ നിന്നും ഇറങ്ങുന്നതിനിടെ ഇയാള്‍ക്ക് ഓക്കാനം അനുഭവപ്പെട്ടു. പുരുഷന്മാരുടെ ശുചിമുറിയില്‍ ഒഴിവില്ലാത്തതിനാല്‍ സ്ത്രീകളുടെ ശുചിമുറിയിലേക്ക് പോവുകയായിരുന്നു. 

പുറത്തുകാത്തുനിന്ന സുഹൃത്തുക്കള്‍ മേഘാനന്ദിനെ കാണാത്തതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സ്ത്രീകളുടെ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ വാതില്‍ തകര്‍ന്ന നിലയിലും യുവാവ് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പൊലീസ് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. മേഘാനന്ദ് വാഷ്റൂമിലേക്ക് പോകുന്ന സമയത്ത് മറ്റാരും ആ ഭാഗത്ത് ഉണ്ടായിരുന്നില്ലെന്നും സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു. ഫോറൻസിക് പരിശോധനയ്ക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാലെ മരണകാരണം എന്താണെന്ന് അറിയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ മേഘാനന്ദിന്‍റെ സഹോദരന്‍റെ പരാതിയില്‍ രാജരാജേശ്വരി നഗര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.