- കത്തുകൾ പോസ്റ്റ് ചെയ്യാൻ നീല മഞ്ഞ കളറിൽ റിയാദ് ബത്ഹയിലെ ജമാൽ കോംപ്ലക്സിന് മുന്നിൽ പെട്ടിയും ഉണ്ടായിരുന്നു
✍️യൂനുസ് പരപ്പിൽ, റിയാദ്
ഇന്ന് ലോക തപാൽ ദിനമായാണ് ആചരിക്കുന്നത്. മൊബൈലും ഇന്റർ നെറ്റും വ്യാപകമായതോടെ തപാൽ എന്താണെന്ന് പോലും പുതു തലമുറക്ക് അറിയില്ല. എന്നാൽ, തപാൽ ജീവിതത്തിന്റെ ഭാഗമായ ഒരു കാലം ഉണ്ടായിരുന്നു പ്രവാസികൾക്ക്. സഊദി തലസ്ഥാന നഗരിയായ റിയാദിനു തന്നെ ഇതിന്റെ കഥ പറയാനുണ്ടാകും.
ഒരു കാലത്ത് വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ മണി ഓഡറും കത്തുകളും കാത്ത് നാട്ടിലുള്ളവർ വീടിന് മുന്നിൽ ഇരുന്നിരുന്നിരുന്നു. അത് പോലെ പ്രവാസികളും മാസങ്ങൾക്കു ശേഷം ഒരു മറുപടി കത്തിനായി കാത്തിരുന്നിരുന്നു. നാട്ടിലെ കത്ത് വരുന്നതും അത് എടുക്കാൻ റിയാദിലെ ബത്തയിൽ ഹോട്ടൽ കേന്ദ്രമായും വിവിധ റുമുകളിലും പ്രത്യേക ബോക്സ് ഉണ്ടായിരുന്നു.
കത്തുകൾ പോസ്റ്റ് ചെയ്യാൻ നീല മഞ്ഞ കളറിൽ ജമാൽ കോപ്ലസിന്ന് മുന്നിൽ പെട്ടിയും ഉണ്ടായിരുന്നു. ഡിജിറ്റൽ യുഗം വന്നതോടെ ഇന്ന് അത് എല്ലാം ഓർമ്മ ആയി മാറിയെന്നു പഴയകാല പ്രവാസികൾ ഓർമ്മിച്ചെടുക്കുന്നു.
ലോക തപാൽ ദിനം
മേൽവിലാസം കുറിച്ച് കവറോ ഇൻലണ്ടോ ഒട്ടിച്ച് ഒരു ചുവന്ന പെട്ടിയിൽ നിക്ഷേപിച്ചാൽ അത് മൂന്ന് ദിവസത്തിനകം മേൽവിലാസക്കാരന്റെ വീട്ടിൽ എത്തിച്ചു കൊടുത്തിരുന്ന സമ്പ്രദായം ഇന്ത്യയിൽ ഉണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇന്ന് കാലഹരണപ്പെട്ടെങ്കിലും ഒക്ടോബർ 9 എന്ന ദിനം ലോക തപാൽ ദിനം എന്നപേരിൽ നാം ആചരിക്കുന്നു.
1894 ഒക്ടോബർ 9 ന് സ്വിറ്റ്സർലൻഡിലാണ് ആഗോള പോസ്റ്റൽ യൂണിയൻ രൂപീകരിച്ചത്. 1969 ൽ ടോക്യോയിൽ നടന്ന ആഗോള പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ ആനന്ദ് മോഹൻ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാൽ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു. തപാൽ വ്യവസ്ഥ ആഗോളപുരോഗതിക്ക് നൽകുന്ന സംഭാവനകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. കാലം തിരസ്കരിച്ച ഒരു വ്യവസ്ഥിതിയുടെ നോക്കുകുത്തിയായി ആ ചുവന്ന പെട്ടി ഇന്നും എവിടെയൊക്കെയോ നമ്മെനോക്കി നെടുവീർപ്പിടുന്നു.
വാർത്ത വിനിമയ മേഖല പുതിയ കണ്ടുപിടുത്തങ്ങളുടെ വഴിത്താരയിൽ നൂതനമായ അധ്യായങ്ങൾ രചിക്കുമ്പോൾ.. ഇന്റർനെറ്റിന്റെ വരവ്.. സോഷ്യൽ മീഡിയയിലൂടെ ആർക്കും എപ്പോഴും ഏത് സമയത്തും എന്ത് തരം സന്ദേശങ്ങളും എത്തിച്ചു കൊടുക്കാനുള്ള ഇപ്പോഴത്തെ ടെക്നോളജിയുടെ വരവ് അതിന്റെ വേഗത.. ഈ കാലഘട്ടത്തിൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം സാധ്യമാകുന്ന അവസ്ഥയിലേക്ക് ലോകമെത്തുമ്പോൾ തപാൽ സംവിധാനത്തിന്റെ ഗതകാല ഓർമ്മകൾ പുതു തലമുറകൾക്ക് കൈമാറണം. കാരണം നമ്മുടെ പൂർവ്വതലമുറയെ സന്ദേശങ്ങളുടെ ലോകത്ത് എത്തിച്ചത് നിലനിർത്തിയത് തപാൽ ആയിരുന്നു.