മദ്യപാനത്തിനിടെ തർക്കം, സിനിമാതാരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍

0
92

നാഗ്പൂർ∙ 2022ൽ അമിതാഭ് ബച്ചനൊപ്പം ‘ജുന്ദ്’ എന്ന ചിത്രത്തിൽ അഭിനയിച്ച യുവതാരം ബാബു രവി സിങ് ഛേത്രി (21) എന്നറിയപ്പെടുന്ന പ്രിയാൻഷു കൊല്ലപ്പെട്ടു. മദ്യപാനത്തിനിടെ നടന്ന വഴക്കിലാണ് പ്രിയാൻഷുവിനെ സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ധ്രുവ് സഹുവിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രിയാൻഷുവും ധ്രുവും സുഹൃത്തുക്കളായിരുന്നു. ഇരുവരും പലപ്പോഴും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ മദ്യപിക്കാനായി ഇരുവരും നാരി പ്രദേശത്തെ ഒരു ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രിയാൻഷു ധ്രുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ പ്രിയാൻഷു ഉറങ്ങുകയും ചെയ്തു. പ്രിയാൻഷു തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് ധ്രുവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

പ്രിയാൻഷുവിനെ കെട്ടിയിട്ട ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. മുഖം പാറക്കല്ലുകൊണ്ട് അടിച്ച് വികൃതമാക്കിയിരുന്നു. പ്ലാസ്റ്റിക് വയറുകൾ കൊണ്ട് ബന്ധിച്ച നിലയിൽ അർധ നഗ്നനായാണ് പ്രിയാൻഷുവിനെ അടുത്ത ദിവസം നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ച ഉടനെ ജരിപട്ക പൊലീസ് സ്ഥലത്തെത്തി. ആറുമണിക്കൂറിനുള്ളില്‍ ധ്രുവിനെ അറസ്റ്റ് ചെയ്തു.