കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ് എത്തിയത് രണ്ട് മക്കളുമൊത്ത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് ഇയാള്‍ അകത്ത് കയറി ഡോക്ടറെ ആക്രമിച്ചത്. സൂപ്രണ്ടിനെയായിരുന്നു ലക്ഷ്യംവെച്ചത്. എന്നാല്‍ ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വിപിനെ സനൂപ് ആക്രമിക്കുന്നത്.
‘മകനെ കൊന്നവനല്ലേ’ എന്ന് ആക്രോശിച്ചുകൊണ്ട് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഡോക്ടര്‍ വിപിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തിന് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഡോക്ടർ വിപിൻ
ഡോക്ടറുടെ തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഡോക്ടര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓര്‍മയുണ്ട്. ഡോക്ടറുടെ തലയില്‍ മൈനര്‍ സര്‍ജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. ഡോക്ടര്‍ വിപിനെ ഐസിയുവിലേക്ക് മാറ്റി.
..
