ആറ്റിങ്ങൽ: കവർച്ചയ്ക്കിടെ സ്കൂളിൽ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയിൽ. ആറ്റിങ്ങൽ സ്വദേശി വിനീഷ് (23) ആണ് പിടിയിൽ ആയത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കാഷ് കൗണ്ടർ പ്രവർത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോക്കർ തുറക്കാൻ ശ്രമിച്ചിരിക്കുന്നതു കണ്ട് പൊലീസിൽ വിവരം അറിയിച്ചു.
ഇതിനിടെ പരിശോധന നടത്തിയ സ്കൂൾ അധികൃതർ ഹയർ സെക്കൻഡറി ബ്ലോക്കിലെ ആൺകുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയിൽ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. സ്കൂളിൽ നിന്നു കവർന്ന യു പി എസും, പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ കാഷ് കളക്‌ഷൻ ബോക്സ് തകർത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാൾ ഉറങ്ങിപ്പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.