പാസ്പോർട്ട് പുതുക്കാൻ വൈകി, നാട്ടിലേക്കുള്ള യാത്ര മുടങ്ങി; മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ നെഞ്ച് പിടഞ്ഞ് മലയാളി

0
60

റിയാദ്: പുന്നപ്രയിൽ വാഹനാപകടത്തിൽ മുഹമ്മദ് സഹിൽ (8) വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് സഊദിയിലെ പ്രവാസലോകവും. റിയാദിൽ ജോലി ചെയ്യുന്ന നീർക്കുന്നം സ്വദേശി അബ്ദുൽ സലാമിന്റെ മകനാണ് മുഹമ്മദ് സഹിൽ. മകനെ അവസാനമായി ഒന്നു കാണാൻ ആഗ്രഹിച്ച അബ്ദുൽ സലാമിന് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ വൈകിയതിനാൽ അതിന് സാധിച്ചില്ലെന്നതും ഉറ്റവർക്ക് ഇരട്ടി വേദനയായി

തീരാദുഃഖത്തിൽ ആഴക്കയത്തിൽ കഴിയുന്ന ഉറ്റവരെ ആശ്വസിപ്പിക്കാനായി സുഹൃത്തുക്കളുടെയും സഹായത്തോടെ  ഇന്നലെ ഒമാൻ എയർലൈൻസിൽ അബ്ദുൽ സലാം നാട്ടിലെത്തി. സാമൂഹ്യപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ ഇന്നലെ അവധി ദിനമായിരുന്നിട്ടു കൂടി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പുതുക്കി നൽകിയതോടെയാണ് യാത്ര സാധ്യമായത്.

ഈസ്റ്റ് വെനീസ് അസോസിയേഷൻ ഭാരവാഹികളായ ആന്റണി വിക്ടർ, സജാദ് സലിം, നിസാർ മുസ്തഫ, രാജേഷ് ഗോപിനാഥൻ, ഹാഷിം ചീയാംവെളി, സുരേഷ് കുമാർ, ആസിഫ് ഇഖ്ബാൽ, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു പച്ച എന്നിവർ അബ്ദുൽ സലാമിനെ യാത്രയ്ക്കുന്നതിന് എയർപോർട്ടിൽ  എത്തിയിരുന്നു. ഈസ്റ്റ് വെനീസ് അസോസിയേഷൻ ട്രഷറർ നിസാർ മുസ്തഫ, ഇവാ അംഗം ഷാജഹാൻ എന്നിവരാണ് ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെട്ട് സലാമിന്റെ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. സലാമിനുള്ള വിമാന ടിക്കറ്റും ഇവാ കൂട്ടായ്മ നൽകി.

കഴിഞ്ഞ വെള്ളിയാഴ്ച ബന്ധുവുമായി പോകുമ്പോഴാണ് മുഹമ്മദ് സഹിൽ സഞ്ചരിച്ചിരുന്ന സൈക്കിളിൽ കാറിടിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സഹിലിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.